തേജ്: ദോഫാറിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsമസ്കത്ത്: സലാലയിൽ തേജ് ചുഴലിക്കാറ്റ് വീശാനിരിക്കെ മുന്നൊരുക്കം വിലയിരുത്താൻ സലാലയിൽ ഷൈഖ് മുഹമ്മദ് ബിൻ സൈഫ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചുഴലിക്കാറ്റ് അടിച്ചുവീശുകയാണെങ്കിൽ പൗരന്മാർക്കും താമസക്കാർക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നടപടിയെടുത്തു. ചുഴലിക്കാറ്റ് ബാധിക്കുന്ന മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാനും ഗവർണർ നിർദേശിച്ചു. തേജ് ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതങ്ങൾ പരമാവധി കുറക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗവർണറേറ്റിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഉപസമിതി ഞായറാഴ്ച യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന്റെ ഭാഗമായി ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വാദി ദർബാത്തിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു
ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുന്ന താഖയിൽ വാലി ൈശഖ് താരിഖ് ബിൻ ഖാലിദ് അൽ ഹിനായിയുടെ നേതൃത്വത്തിലാണ് നേരിടാനുള്ള നടപടികൾ പുരോഗമിക്കുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാദി ദർബാത്തിൽ താമസിക്കുന്നവരെ പൂർണമായി മാറ്റിപ്പാർപ്പിച്ചു. വാദികളിൽനിന്നും ചരിഞ്ഞ പ്രദേശങ്ങളിൽനിന്നും കന്നുകാലികളെ മാറ്റാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികൾ വൃത്തിയാക്കുകയും വെള്ളം സുഗമമായി ഒഴുകിപ്പോവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ ആരോഗ്യ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. മസ്യുന വിലായത്തിൽ വാലി സൈഫ് ബിൻ ഹമൂദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ദുരന്തം നേരിടാൻ പ്രത്യേക ടീം സജ്ജമായി നിൽക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ഭക്ഷ്യവിതരണം നടത്തുകയും ചെയ്തു. മുഖ്ഷിനിൽ വാലി ഹിലാൽ ബിൻ അലി അൽ മഅ്മരിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. തേജ് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ നേരിടാൻ നടപടികൾ എടുത്തതായും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ഷലീം അൽ ഹലാനിയത്ത് ദ്വീപുകളിൽ വാലി അബ്ദുൽ ഹഖീഒ മുഹമ്മദ് അൽ റാഷിദിയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്.
സർക്കാർ-സ്വകാര്യ മേഖലയുടെ സഹായത്തോടെയാണ് ഇവിടെ ദുരന്തം നേരിടാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുക, ദുരന്തമുണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽനിന്ന് താമസക്കാരെ മാറ്റുക. വൈദ്യുതിയും വെള്ളവും മുടങ്ങുകയാണെങ്കിൽ പകരം സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് നടപടികൾ. അൽ ഹലാനിയാത്ത് ദ്വീപിലെ താമസക്കാരെ മുഴുവൻ റോയൽ എയർഫോഴ്സിന്റെ സഹായത്തോടെ സലാലയിലേക്ക് മാറ്റി.
മൊബൈൽ പവർ ജനറേറ്ററുകൾ സ്ഥാപിച്ചു
മിർബാത്ത് വിലായത്തിൽ വാലി ഹംദാൻ ബിൻ ഹമദ് അൽ ജുനൈബിയുടെ മേൽനോട്ടത്തിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. മൂന്ന് സ്കൂളിലാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. വിലായത്തിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മുൻകരുതലുകൾ എടുക്കണമെന്നും വാദികളിൽനിന്നു മാറിനിൽക്കണമെന്നും സർക്കുലർ നൽകി.
റഖ്യൂത്തിൽ ഹുസ്ൻ ബിൻ സാഹിർ അൽ അബ്രിയുടെ നേതൃത്വത്തിലായിരുന്നു മുന്നൊരുക്കങ്ങൾ. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും അവശ്യവസ്തുക്കൾ എത്തിക്കുകയും മൊബൈൽ പവർ ജനറേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. ദാൽകൂത്തിൽ വാലി ശൈഖ് ശിഹാബ് ബിൻ ഹമദ് അൽ ബലൂഷിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. മൂന്ന് സ്കൂളുകളിലാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കുന്നത്. ജനങ്ങൾക്ക് ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കി. സാദയിൽ അഞ്ച് സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നത്. സാദയിലെ അൽ മഹാ പെട്രോൾ സ്റ്റേഷനാണ് എമർജൻസി പോയന്റ്. ഇവിടെ നാല് വെള്ള ടാങ്കർ ലോറികളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കി. രണ്ട് ഇലക്ട്രിക് ജനറേറ്റർ അടക്കമുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്. തൂറൈത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം അടക്കമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
മിലിട്ടറി കമ്മിറ്റി മീറ്റിങ്ങുകൾ ചേർന്നു
മസ്കത്ത്: തേജ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയാറെടുപ്പുകളും സന്നദ്ധതയും അവലോകനം ചെയ്യുന്നതിനായി സുൽത്താൻ സായുധസേനയുടെ (എസ്.എ.എഫ്) എമർജൻസി മാനേജ്മെന്റിനായുള്ള മെയിൻ മിലിട്ടറി കമ്മിറ്റി മീറ്റിങ്ങുകൾ ചേർന്നു. മെയിൻ മിലിട്ടറി കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ചെയർമാൻ ബ്രിഗേഡിയർ ഹമീദ് അബ്ദുല്ല അൽ ബലൂഷിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് സുൽത്താന്റെ സായുധസേന അറിയിച്ചു.
ചുഴലിക്കാറ്റിന് മുന്നോടിയായി സ്വീകരിച്ച തയാറെടുപ്പുകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പ്രധാന സൈനിക സമിതിയിലെ അംഗങ്ങളെ വിവരിച്ചു. ഉഷ്ണമേഖല ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ സൈനിക ഉപസമിതികൾ സജീവമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.