തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ത്യ നിർദേശിച്ച ‘തേജ്’ എന്നപേരിലായിരിക്കും ചുഴലിക്കാറ്റ് അറിയുക. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഒമാനിലെ ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. ഉഷ്ണമേഖല ന്യൂനമർദത്തിന്റെ കേന്ദ്രം ഒമാൻ തീരത്തുനിന്ന് 870 കിലോമീറ്റർ അകലെയാണ്. ഇത് തീവ്ര ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കാറ്റഗറി ഒന്നിൽപെടുന്ന ചുഴലിക്കാറ്റായും വികസിക്കും. ഉഷ്ണമേഖല ന്യൂനമർദവുമായി ബന്ധപ്പെട്ട രൂപംകൊണ്ട മഴമേഘങ്ങൾ ദോഫാർ ഗവർണറേറ്റിലെ സദാവിലായത്തിൽനിന്ന് 600 കി.മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ചൊവ്വാഴ്ച രാവിലെ ഒമാനിലെ ദോഫാർ ഗവർണറേറ്റിനും യമനിലെ അൽമഹ്റ ഗവർണറേറ്റിനും ഇടയിലായി കാറ്റ് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കും. വിവിധ ഇടങ്ങളിലായി 50മുതൽ 200 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 46മുതൽ 64 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. തിങ്കളാഴ്ച കാറ്റിന്റെ ശക്തികൂടി കാറ്റഗറി രണ്ടിലേക്ക് മാറും 124മുതൽ 159 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. 200മുതൽ 600 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബിക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു.
ചൊവ്വാഴ്ച ശക്തി കുറഞ്ഞ് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നിലേക്ക് വീണ്ടും മാറും. മണിക്കൂറിൽ 92മുതൽ 139 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. കനത്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകും. വിവിധ സ്ഥലങ്ങളിലായി 200മുതൽ 800 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. അറബിക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂനിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിർദേശം നൽകി. അഞ്ച് വര്ഷം മുമ്പ് 2018 ഒക്ടോബര് 13ന് അടിച്ച ലുബാന് ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.
കനത്ത ജാഗ്രതയുമായി അധികൃതർ
മസ്കത്ത്: തേജ് ചുഴലിക്കാറ്റ് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുൻ കരുതലുമായി രംഗത്ത്.
ദോഫാർ ഗവർണറേറ്റിലെ അഞ്ച് പോയന്റുകളിൽ ബോട്ടുകൾ, വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മറ്റ് നിരവധി ഉപകരണങ്ങൾ എന്നിങ്ങനെ എത്തിച്ചിട്ടുണ്ട്. അൽ വുസ്തയിൽ മൂന്ന് പോയന്റുകളിലാണ് ഇവ എത്തിച്ചിട്ടുള്ളത്. മഴവെള്ളത്തിലും ഒഴുക്കിലും പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം ഒരുക്കങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായവരെ കണ്ടെത്തുന്നതിനായി മുന്നറിയിപ്പും രക്ഷാദൗത്യവും നിർവഹിക്കാൻ പറ്റുന്ന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം ജീവന്റെയും സ്വത്തിന്റെയും രക്ഷക്കായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിൽ കഴിയുന്ന പൗരന്മാരും താമസക്കാരും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാവരും ജാഗ്രതപാലിക്കണമെന്നും അപകടസാധ്യതയിലേക്ക് എടുത്ത് ചാടരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ചരിഞ്ഞ പ്രദേശങ്ങളിൽനിന്നും മാറി താമസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകളും ബുള്ളറ്റിനുകളും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. കാലാവസ്ഥാ കെടുതിക്കിടെ ഉൽപന്നങ്ങളുടെ വിലകൾ സ്ഥിരതയോടെ നിലനിൽക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
വിലകൾ വർധിപ്പിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ ഉണ്ടാവാതിരിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ 80077997 - 80079009 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ച് അധികൃതരെ വിവരം അറിയിക്കണം.
ചുഴലിക്കാറ്റ്; മുന്നൊരുക്കം നടത്താം
മസ്കത്ത്: ചുഴലിക്കാറ്റടക്കമുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചില മുന്നൊരുക്കങ്ങൾ നടത്തുന്നത് പ്രത്യാഘാതങ്ങളെ നേരിടാൻ സഹായകമാകും. ശരിയായ രീതിയിലുള്ള ആസൂത്രണം വഴി വലിയ അപകടങ്ങളെപോലും അതിജീവിക്കാൻ സാധിക്കുമെന്ന് പ്രകൃതിദുരന്ത നിവാരണ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഗർഭിണികൾ, ഭിന്നശേഷിക്കാർ, വയോധികർ രോഗികൾ തുടങ്ങിയവർ കുടുംബത്തിലുണ്ടെങ്കിൽ ദുരന്തസമയത്തിൽ അവർ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി ആലോചിക്കുകയും പറഞ്ഞു മനസ്സിലാക്കുകയും വേണം. അടിയന്തരമായി ബന്ധപ്പെടേണ്ടവരുടെ വിവരങ്ങൾ അറിഞ്ഞിരിക്കുക (പേര്, ഫോൺ നമ്പർ, വിലാസം മുതലായവ), താമസസ്ഥലത്തിനടുത്ത് അല്ലെങ്കിൽ ദൂരെയുള്ള ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഫോൺ നമ്പർ കുടുംബാംഗങ്ങൾ ഹൃദിസ്ഥമാക്കുക. അത്യാഹിതം സംഭവിച്ചാൽ ആ നമ്പറിൽ വിളിക്കാൻ നിർദേശം കൊടുക്കുക. വീട്ടിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കുക. ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി മുൻകൂട്ടി നിശ്ചയിക്കുക. വീടിന്റെ സമീപപ്രദേശത്ത് എന്തെങ്കിലും അപകടം നടക്കുകയും വീട് ഒഴിയേണ്ടിയും വന്നാൽ, കുടുംബാംഗങ്ങൾക്ക് ഒന്നിച്ചുചേരാൻ കഴിയാവുന്ന സുരക്ഷിത സ്ഥാനം മുൻകൂട്ടി തീരുമാനിക്കുക.
അടിയന്തര കിറ്റ് തയാറാക്കുക
ദുരന്ത സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയിൽ നിങ്ങളുടെ കുടുംബത്തിനു കുറച്ചു ദിവസങ്ങളിൽ മാറി താമസിക്കേണ്ടി വന്നാൽ, അതിജീവനത്തിനും സുരക്ഷിതത്വത്തിനുമായി എല്ലാ അവശ്യസാധനങ്ങളും അടങ്ങിയ ഒരു അടിയന്തര കിറ്റ് മുൻകൂട്ടി തയാറാക്കിവെക്കണം. തയാറാക്കിവെച്ചിരിക്കുന്ന അടിയന്തര കിറ്റ് നനയാത്ത വിധത്തിലും അനായാസമായി കൊണ്ടുനടക്കാൻ കഴിയുന്നതുമാണെന്ന് ഉറപ്പുവരുത്തുക. വീട്ടിനുള്ളിൽ എല്ലാവർക്കും പരിചിതമായ, സുരക്ഷിതമായ ഒരു സ്ഥലത്തു അടിയന്തര കിറ്റ് സൂക്ഷിച്ചുവെക്കുക അടിയന്തര കിറ്റിൽ സൂക്ഷിക്കേണ്ടവ (72 മണിക്കൂർ സമയത്തേക്കു വേണ്ടത്)
● ശുദ്ധ ജലം ( ഒരുദിവസത്തേക്ക് ഓരോ വ്യക്തിക്ക് വീതം ഒരുലിറ്റർ)
● ലഘുഭക്ഷണം
● പ്രധാനരേഖകൾ ഭൂമി ബാങ്ക് ഇൻഷുറൻസ് പേപ്പറുകൾ, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസസർട്ടിഫിക്കറ്റുകൾ
● പ്രഥമ ശുശ്രൂഷ സാമഗ്രികൾ,
● മരുന്നുകൾ,സോപ്പ്, ടോയ് ലെറ്റ് പേപ്പർ
● ടോർച്ച്
● മൊബൈൽ ചാർജർ
● മെഴുകു തിരി
സംയമനത്തോടെ നേരിടാം...
● പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
● ഔദ്യോഗിക മാധ്യമങ്ങൾ വഴിയുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കുക. മുറിവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രഥമ ശുശ്രൂഷ നൽകുക. സാരമായ പരിക്കുകൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക. ബോധം നഷ്ടപ്പെട്ടുകിടക്കുന്ന വ്യക്തിയെ പരമാവധി കഴുത്തും നട്ടെല്ലും അനക്കാതെ ആശുപത്രിയിലെത്തിക്കുക. അവശ്യം വന്നാൽ കൃത്രിമ ശ്വാസോച്ഛ്വാസം ,സി.പി.ആർ കൊടുക്കുവാൻ കുടുംബാംഗങ്ങൾ അറിഞ്ഞിരിക്കണം
● വാതക ചോർച്ചയുടെ ഗന്ധം ഉണ്ടെങ്കിൽ മെയിൻ സ്വിച്ച് അണച്ച് വാതിലും ജനലുകളും തുറന്നിട്ട് ഉടൻ കെട്ടിടത്തിനു പുറത്തേക്കിറങ്ങുക
● വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം
● വളർത്തു മൃഗങ്ങൾക്കും സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തണം
● ദുരന്ത സമയങ്ങളിൽ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക.
● സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാനുള്ള നിർദേശം ലഭിച്ചാൽ അടിയന്തര കിറ്റ് എടുക്കുക
● വാതക - വൈദ്യുതി ബന്ധം വിച്ഛേദിക്കുക
● ബന്ധപ്പെട്ട അതോറിറ്റികൾ നിർദേശിച്ചിട്ടുള്ള മാർഗങ്ങളിലൂടെ മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുക
അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുക ( ആർ.ഒ.പി 9999, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് 24343666)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.