ദാഹിറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതൽ
text_fieldsമസ്കത്ത്: ദാഹിറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ അഞ്ച് മുതൽ ഒമ്പതുവരെ ഇബ്രി വിലായത്തിൽ നടക്കും. ഒമാൻ, ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സിനിമകൾ പ്രദർശിപ്പിക്കും. സിനിമാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദാഹിറ ഗവർണറേറ്റിന്റെ കലാപരവും ചരിത്രപരവുമായ പൈതൃകം ഉയർത്തിക്കാട്ടുന്നതിനുമായി ഒമാൻ ഫിലിം സൊസൈറ്റി, ദാഹിറ ഗവർണറുടെ ഓഫിസുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
രാജ്യത്തുടനീളം നടക്കുന്ന പരിപാടികളിലൂടെ ഒമാന്റെ ചലച്ചിത്ര വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതെന്ന് ഒമാൻ ഫിലിം സൊസൈറ്റിയുടെയും ഫെസ്റ്റിവലിന്റെയും ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ അജ്മി പറഞ്ഞു.
ഈ ഫെസ്റ്റിവൽ അന്താരാഷ്ട്രതലത്തിൽ ഒമാൻ്റെ സിനിമ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും രചന, സംവിധാനം, അഭിനയം എന്നിവയുൾപ്പെടെ ചലച്ചിത്ര നിർമാണത്തിൽ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും ഒരു വേദി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 658 സിനിമകളുടെ എൻട്രികളാണ് ലഭിച്ചതെന്നും ഇതിൽ അവസാന ഘട്ടത്തിലേക്ക് 40 സിനിമകളാണ് എടുത്തതെന്നും ഫെസ്റ്റിവലിന്റെ ഡയറക്ടർ എൻജിനീയർ ജമീൽ അൽ യാഖൂബി പറഞ്ഞു. മികച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി, മികച്ച ഒമാനി ഡോക്യുമെന്ററി, ജൂറി അവാർഡ്, പ്രോത്സാഹന അവാർഡ് എന്നിങ്ങനെ ഫെസ്റ്റിവലിന്റെ നാല് പ്രധാന അവാർഡുകൾ നൽകും.
അഞ്ചിന് ഇബ്രിയിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ ഉദ്ഘാടന ചടങ്ങ് നടക്കും. സമാപന ദിവസത്തിലാണ് കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. പ്രശസ്ത അറബ് നടി ഹോദ അൽ ഖത്തീബന്റെ കരിയറിനുള്ള ആദരം, സ്കൂൾ വിദ്യാർഥികൾക്കായുള്ള യൂത്ത് സിനിമാ വർക്ക്ഷോപ്പ്, സംവിധായകരുമായുള്ള ചർച്ച, വിജയികളായ സിനിമകളുടെ പ്രഖ്യാപനം എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.