ദാഖിലിയ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി
text_fieldsമസ്കത്ത്: ദാഖിലിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. ദാഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് ഒമാനി അസോസിയേഷൻ ഫോർ സിനിമ ആൻഡ് തിയറ്റർ ആയിരുന്നു മേള സംഘടിപ്പിച്ചിരുന്നത്. നിസ്വ കൾച്ചറൽ സെന്‍ററിൽ നടന്ന സമാപന ചടങ്ങുകൾക്ക് ഗവർണറും ഫെസ്റ്റിവലിന്റെ ഓണററി പ്രസിഡന്റുമായ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്‌രിയുടെ മേൽനോട്ടംവഹിച്ചു. ഫീച്ചർ ഫിലിം വിഭാഗത്തിൽ ജോർഡനിയൻ സംവിധായകൻ അംറോ ബയൂമിയുടെ 'സ്റ്റേഷൻ 49' മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ രണ്ടാം സമ്മാനം സിറിയൻ സംവിധായകൻ അലി അൽ അഖ്ബാനിയുടെ 'ദി കീ കഫേ' നേടി. മൂന്നാം സമ്മാനം ബെൽജിയം സംവിധായകൻ റാൻഡ് അബു ഫഖറിന്റെ 'സോ വി ലൈവ്' ആണ് കരസ്ഥമാക്കിയത്. ഇമാറാത്തി സംവിധായകൻ നവാഫ് അൽ ജനാഹിയുടെ 'സം വേർ ഇൻ ടൈം' പ്രത്യേക ജൂറി പുരസ്കാരവും നേടി. മികച്ച ഒമാനി ചിത്രത്തിനുള്ള പുരസ്‌കാരം സാലിഹ് അൽ മുഖൈമി സംവിധാനം ചെയ്ത 'എ ചൈൽഡ്സ് സ്‌ക്രീം' നേടി.
മികച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി പുരസ്‌കാരം സുഡാൻ സംവിധായകൻ സദം സിദ്ദിഗിന്റെ 'ഹിംസ് ഓൺ ദ ബ്രിഡ്ജും' മികച്ച ഒമാനി ഡോക്യുമെന്ററി ഫിലിം അവാർഡ് മുഹമ്മദ് അൽ മുഖ്ബാലി സംവിധാനം ചെയ്ത 'പോട്ടറി'യും നേടി. സൗദി സംവിധായകൻ അഹ്മദ് അൽ ഹസാവിയുടെ 'അൽ ഗാരി' എന്ന ചിത്രത്തിനാണ് ഡോക്യുമെന്ററി ചിത്രങ്ങളുടെ ജൂറി പുരസ്‌കാരം ലഭിച്ചത്. നിരവധി മാധ്യമങ്ങളിലൂടെ ദാഖിലിയ ഗവർണറേറ്റിനെയും വിവിധ വിലായത്തുകളെയും പരിചയപ്പെടുത്തുന്നതിന് ഫിലിം ഫെസ്റ്റിവെൽ സുപ്രധാന പങ്കുവഹിച്ചെന്ന് ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി പറഞ്ഞു. പ്രാദേശിക അന്തർദേശീയ തലങ്ങളിലെല്ലാം മേളക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ 11ാമത് പതിപ്പ് അടുത്ത വർഷം മാർച്ചിൽ നടക്കുമെന്ന് ഒമാനി അസോസിയേഷൻ ഫോർ സിനിമ ആൻഡ് തിയറ്ററിന്റെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അമ്മാർ അൽ ഇബ്രാഹിം പറഞ്ഞു.
ഫെസ്റ്റിവെല്ലിൽ പങ്കെടുത്തവർ ദാഖിലിയ ഗവർണറേറ്റിലെ പൈതൃക ഗ്രാമമായ മിസ്ഫത്ത് അൽ അബ്രിയീനും സന്ദർശിച്ചു. ലോകത്തിലെ മനോഹരമായ പൈതൃക ടൂറിസം സൈറ്റുകളിലൊന്നാണ് ഈ ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.