വരുന്നു, ഇൗത്തപ്പഴ വിപണിയുടെ നല്ലകാലം
text_fieldsമസ്കത്ത്: 28 ദശലക്ഷം റിയാൽ ചെലവിൽ നിർമിക്കുന്ന ഒമാൻ ഡേറ്റ്സ് പ്രൊഡക്ഷൻ പാക്കിങ് കമ്പനിയുടെ പ്രഖ്യാപനം കാർഷിക, ഫിഷറീസ് മന്ത്രാലയത്തിൽ നടന്നു. കർഷകരിൽനിന്ന് ഇൗത്തപ്പഴം വാങ്ങിയശേഷം സംസ്കരണത്തിനും റീ പാക്കേജിങ്ങിനും ശേഷം പ്രാദേശിക വിപണിയിൽ വിൽപന നടത്തുകയും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതിയും ലക്ഷ്യമിട്ടാണ് കമ്പനിക്ക് തുടക്കമിടുന്നത്. കാർഷിക, ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്.
ഇൗത്തപ്പഴ മേഖലയുമായി ബന്ധപ്പെട്ട ആദ്യ പദ്ധതിയായി ഇതിനെ വിശേഷിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികത്തിനൊപ്പം ഒമാനി പൈതൃകവുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യമുള്ളതാണ് ഇൗത്തപ്പഴം. ഇൗന്തപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വ്യവസായങ്ങൾ പരിഗണനയിലാണ്. വിറക്, വളം എന്നിവക്ക് പുറമെ ഇൗത്തപ്പഴത്തിൽനിന്ന് വിനാഗിരി, ജ്യൂസ് തുടങ്ങിയവ ഉൽപാദിപ്പിക്കാനുള്ള പദ്ധതികളുടെ സാധ്യതാ പഠനം മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഇൗ പദ്ധതികളിലേക്കെല്ലാം നിക്ഷേപകർ താൽപര്യമെടുക്കുമെന്നാണ് പ്രതീക്ഷ.
2023ഒാടെ ആഭ്യന്തര ഉൽപാദനത്തിൽ കാർഷിക, ഫിഷറീസ് മേഖലയുടെ വിഹിതം മൂന്നു ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കമ്പനി അടുത്തവർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനി സി.ഇ.ഒ ഡോ.റാഷിദ് ബിൻ സാലിം അൽ മസ്റൂയി പറഞ്ഞു. കമ്പനിയുടെ 75 ശതമാനം ഒാഹരികളും ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനിയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.