ഖലാസ് ബർഹി, സുക്കരി, കധൂരി.. മനംകവർന്ന് ഈത്തപ്പഴ വിപണി
text_fieldsസുഹാർ: റമദാൻ ആരംഭിച്ചതോടെ കജൂർ അഥവാ ഈത്തപ്പഴ വിപണി സജീവമായി. ഈ കാലയളവിൽ ടൺ കണക്കിന് ഈത്തപ്പഴമാണ് മാർക്കറ്റിൽ വന്നുകൊണ്ടിരിക്കുന്നത്. പഴങ്ങൾ, ജ്യൂസുകൾ എന്നിവപോലെ ഇഫ്താർ വേളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരിനമാണ് ഈത്തപ്പഴം. സ്വദേശി ഈത്തപ്പഴം മുതൽ വിദേശിവരെ മാർക്കറ്റിൽ ലഭ്യമാണ്. സൗദി അറേബ്യ, തുനീഷ്യ, ഇറാൻ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽനിന്നാണ് കൂടുതലും എത്തുന്നത്.
വിദേശ ഉൽപന്നമുണ്ടെങ്കിലും ഒമാന്റെ ഈത്തപ്പഴത്തിനാണ് മാർക്കറ്റിൽ ആവശ്യക്കാറുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഒരു കൃഷിയാണ് ഈത്തപ്പഴ തോട്ടങ്ങൾ. ഖലാസ് ബർഹി, സുക്കരി, കധൂരി, ഫർദ് അജുവ എന്നിങ്ങനെ വില കൂടിയതും കുറഞ്ഞതും മാർക്കറ്റിൽ ലഭ്യമാണ്.
സൗദിയിൽനിന്ന് വരുത്തി ഇവിടെ പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കുന്ന കമ്പനികളും ധാരാളമുണ്ട്. ചൂട് തുടങ്ങി ഫെബ്രുവരി മുതൽ ആഗസ്റ്റുവരെ ഈത്തപ്പഴത്തിന് നല്ല മാർക്കറ്റാണെന്ന് സൂക്കിലെ കച്ചവടക്കാർ പറയുന്നു.
ഇഫ്താർ വിഭവങ്ങളിൽ മുന്നിൽനിൽക്കുന്ന ഈത്തപ്പഴം രുചിച്ചുനോക്കാത്തവർ കുറവായിരിക്കും. റമദാൻ മാസത്തിൽ നൽകുന്ന കിറ്റുകളിലും അവശ്യവിഭവങ്ങളുടെ പട്ടികയിൽ തന്നെയാണ് ഇതിന്റെ സ്ഥാനം. ഔഷധഗുണവും പ്രോട്ടീനും റോ ഫൈബറും കാത്സ്യവും അയേണും പൊട്ടാസ്യവും വിറ്റാമിൻ എയും അടങ്ങിയ ഈ പഴം പാരമ്പര്യ അറേബ്യൻ ഭക്ഷണസംസ്കാരത്തിൽ ഇടംപിടിച്ച വസ്തുവാണ്.
ഈത്തപ്പഴത്തിന്റെ മൂല്യവർധിത ഉപോൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്. ഈത്തപ്പഴ സിറപ്പുകൾ, ഇടിച്ചു പരത്തയം ഹലുവപോലെ ഉള്ളവ, ബിസ്കറ്റിന്റെ ഫില്ലിങ്ങായി ചേർത്തവ, മാമ്മൂൾ എന്നിങ്ങനെ പോകുന്നു മറ്റു നിരവധി സാധനങ്ങൾ. പാകിസ്താനികൾ ഇഷ്ടപ്പെടുന്ന അജുവ ഈത്തപ്പഴം വില കൂടുതലാണെങ്കിലും മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ, മലയാളികളുടെ ഇഫ്താർ സ്പെഷൽ വിഭവമായ കാരക്ക ഇവിടെ സുലഭമായി ലഭിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.