പ്രിറ്റു സാമുവലിന്റെ വിയോഗം കണ്ണീർ പടർത്തി
text_fieldsമസ്കത്ത്: മസ്കത്തിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രാഷ്ട്രീയ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല ഓതറ സ്വദേശി പ്രിറ്റു സാമുവലിന്റെ (41) അകാല വിയോഗം സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും കണ്ണീർ പടർത്തി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ക്രിസ്മസ് കരോള്‍ കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിയില്‍ മരണം സംഭവിക്കുകയുമായിരുന്നു. മസ്കത്തിൽ വലിയ ഒരു സൗഹൃദ വലയംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരുമായും അടുത്തബന്ധം കാത്തുസൂക്ഷിക്കുകയും ഏതൊരുകാര്യത്തിനും എപ്പോഴും സമീപിക്കാവുന്ന വ്യക്തിയായിരുന്നെന്നും സുഹൃത്തുകൾ അനുസ്മരിച്ചു.
ഒ.ഐ.സി.സി, ഇൻകാസ് സെക്രട്ടറി, മസ്കത്ത് മാർത്തോമ്മാ ചർച്ച് യൂത്ത് വിങ് സെക്രട്ടറി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ്ങ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് വന്നിരുന്ന പ്രിറ്റു കഴിഞ്ഞവർഷം നവംബറിലാണ് നാട്ടിലേക്കു പോയത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,ക്രിസ്.
ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഓതറ എബനീസ്സർ മാർത്തോമാ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ നടക്കും. മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തനകനുമായ പ്രിറ്റുവിന്റെ വേർപാട് ഇൻകാസ് ഒമാന്‍ തീരാനഷ്ടം ആണെന്ന് ഭാരവാഹികൾ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.