എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി അടച്ചിടാൻ സുപ്രീം കമ്മിറ്റി തീരുമാനം
text_fieldsമസ്കത്ത്: കോവിഡ്വ്യാപനം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനം. മാർച്ച് നാല് മുതൽ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനാണ് തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ് അടച്ചിടൽ. മാർച്ച് 20വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും.
റസ്റ്റാറൻറുകൾ, കഫേകൾ, ടൂറിസം കേന്ദ്രങ്ങൾക്ക് അകത്തുള്ള കഫറ്റീരിയകൾ, ഹോം ഡെലിവറി സേവനങ്ങൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമായിരിക്കും. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യസ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയെ മാത്രമാണ് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. സർക്കാർ സ്കൂളുകളിൽ മാർച്ച് ഏഴു മുതൽ 11 വരെയുള്ള കാലയളവിൽ ഒാൺലൈൻ പഠന രീതി മാത്രം തുടരാനും സുപ്രീംകമ്മിറ്റി നിർദേശം നൽകി. രോഗവ്യാപനം വിലയിരുത്തിയശേഷം ഇൗ വിഷയത്തിൽ പിന്നീട് തീരുമാനമെടുക്കും.
ഒത്തുചേരലുകൾ ഒഴിവാക്കാനും ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീംകമ്മിറ്റി യോഗം നിർദേശിച്ചു. ഒത്തുചേരലുകൾ വലിയതോതിൽ രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നാണ്. രോഗത്തിെൻറ അപകടസാഹചര്യത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. കുടുംബത്തെയും സമൂഹത്തെയും പ്രത്യേകിച്ച് മുതിർന്നവരെയും കുട്ടികളെയും ഗുരുതര രോഗബാധിതരെയും കോവിഡിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഒമാനിലെ ചില ഗവർണറേറ്റുകളിൽ രോഗവ്യാപനം അപകടകരമായ രീതിയിലേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ കേസുകളിലും രോഗബാധ യാത്രകളിലൂടെ ഉണ്ടായതാണ്. കോവിഡിെൻറ ദക്ഷിണാഫ്രിക്കൻ വകഭേദം നിരവധി പേർക്ക് ബാധിച്ചതായും സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു. നിലവിൽ വടക്കൻ ശർഖിയ ഗവർണറേറ്റിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടാൻ നിർദേശമുണ്ട്. ഇബ്ര ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഇവിടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രി വിലക്ക് ഏർപ്പെടുത്തിയത്.കഴിഞ്ഞദിവസം ഇൗ അടച്ചിടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാൻ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.