പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ നേരിയ കുറവ് രേഖപ്പെടുത്തി. ബംഗ്ലാദേശുകാർ 9.8 ശതമാനവും ഇന്ത്യക്കാർ 4.9 ശതമാനവും കുറഞ്ഞു. റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം പ്രവാസികളുടെ എണ്ണം ഇപ്പോൾ 1,811,170 ആണ്. ഇതിൽ വർഷാവർഷം 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നതായി കണക്കുകൾ തെളിയ്ക്കുന്നു.
ഒക്ടോബറിലെ കണക്കനുസരിച്ച് 42,390 വിദേശ തൊഴിലാളികളുള്ള സർക്കാർ മേഖലയിൽ 1.9 ശതമാനം കുറവുണ്ടായി. സ്വകാര്യ മേഖലയിൽ 14,22,892 വിദേശ തൊഴിലാളികളാണുള്ളത്. അതേസമയം, കുടുംബ തൊഴിൽ-ഗാർഹിക തൊഴിലാളികളിൽ 0.6 ശതമാനം വർധന രേഖപ്പെടുത്തി. ഇതുപ്രകാരം ഇത്തരം ജോലികൾ ചെയ്യാൻ വേണ്ടിയുള്ള ആളുകളുടെ സുസ്ഥിരമായ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി തൊഴിലാളികളിൽ ബംഗ്ലാദേശുകാർക്കാണ് ഏറ്റവും ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്.
ബംഗ്ലാദേശ് തൊഴിൽ ശക്തിയിൽ 9.8 ശതമാനത്തിന്റെ താഴ്ചയാണുണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരിലും 4.9 ശതമാനം ഇടിവുണ്ടായി. നേരെമറിച്ച്, മ്യാൻമർ, ടാൻസാനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഗണ്യമായ വളർച്ച രേഖപ്പെടുത്തി.
മ്യാന്മറിൽ നിന്നുള്ള പ്രവാസികൾ 55.4 ശതമാനം, ടാൻസാനിയ 44.4, ഈജിപ്ത് 11.1 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 3.2 ശതമാനം ഇടിവുണ്ടായിട്ടും, ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്- 666,847 പേർ. ദോഫാർ ഗവർണറേറ്റിലും 2.5 ശതമാനത്തിന്റെ നേരിയ കുറവുണ്ടായി, ഇപ്പോൾ 222,396 പ്രവാസികൾ താമസിക്കുന്നു. തെക്കൻ ബാത്തിന, അൽ വുസ്ത ഗവർണറേറ്റുകളിൽ യഥാക്രമം 7.4, ഒന്ന് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
പ്രവാസികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് കൂടുതൽ സുസ്ഥിരവും പ്രാദേശികമായി പ്രവർത്തിക്കുന്നതുമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ഒമാന്റെ തന്ത്രവുമായി പൊരുത്തപ്പെടുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ‘ഒമാൻ വിഷൻ 2040’ൽ വിവരിച്ചിരിക്കുന്നതുപോലെ, തങ്ങളുടെ തൊഴിലാളികളെ സ്വദേശിവത്കരിക്കുന്നതിനും പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുന്നതിനുമുള്ള ഗവൺമെന്റിന്റെ നിരന്തരമായ ശ്രമങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.