ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവ്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവെന്ന് കണക്കുകൾ. ഈ വർഷം മേയ് മാസത്തിൽ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 5,09,006 ആയി. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്ത് 5,20,431 ഇന്ത്യക്കാരായിരുന്നു ജോലി ചെയ്തിരുന്നത്. അതേസമയം, ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനയാണുണ്ടായിട്ടുള്ളത്.
മേയ് മാസത്തിൽ പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ച് 289,481 ആയി. കഴിഞ്ഞ വർഷം അവസാനത്തോടെ പാകിസ്താനിൽനിന്ന് 2,88,290 പ്രവാസികളുണ്ടായിരുന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. മ്യാൻമറിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 102.6 ശതമാനം വർധിച്ച് 28,947 ആയി. 2023 അവസാനത്തോടെ മ്യാൻമറിൽനിന്ന് 23,329 പ്രവാസികളായിരുന്നു ഒമാനിൽ തൊഴിലെടുത്തിരുന്നത്. താൻസനിയയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 44.5 ശതമാനം ഉയർന്ന് 19,962 ആയപ്പോൾ നേപ്പാളിലെ പ്രവാസികൾ 2.7 ശതമാനം കുറഞ്ഞ് 20,202ഉം ആയി. 4.3 ശതമാനം കുറഞ്ഞ് ശ്രീലങ്കൻ പ്രവാസികൾ 26,374, 8.1ശതമാനം ഉയർന്ന് ഈജിപ്തുകാർ 42,219, 4.2 ശതമാന കുറഞ്ഞ് ഫിലിപ്പീൻസ് പ്രവാസികൾ 45,307ലും എത്തി.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശക്തിയായ ബംഗ്ലാദേശി പ്രവാസികൾക്കിടയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2023 അവസാനത്തെ 719,111ൽ നിന്ന് ഈ വർഷം മേയ് മാസത്തിൽ 684,108 ആയി കുറഞ്ഞു. 2023 മെയ് മുതൽ 2024 വരെ 2.8 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കഴിഞ്ഞ വർഷം ഒക്ടോബർ 31 മുതൽ ബംഗ്ലാദേശ് സ്വദേശികൾക്ക് എല്ലാ വിഭാഗത്തിലുംപ്പെട്ട വിസകൾക്ക് നിരോധം ഏർപ്പെടുത്തിയതായിരുന്നു. എന്നാൽ, ചില വിഭാഗം ബംഗ്ലാദേശ് സ്വദേശികളെ നിലവിലുള്ള വിസ നിരോധനത്തിൽ ഒഴിവാക്കിയതായി ധാക്കയിലെ ഒമാൻ എംബസി അധികൃതർ ജൂണിൽ അറിയിച്ചിട്ടുണ്ട്.
കുടുംബ വിസ, ജി.സി.സി രാജ്യങ്ങളിൽ റസിഡന്റ് വിസയുള്ളവർക്കുള്ള വിസിറ്റ് വിസ, ഡോക്ടർമാർ, എൻജിനീയർമാർ, നഴ്സുമാർ, അധ്യാപകർ, അക്കൗണ്ടൻറുകൾ, നിക്ഷേപകർ എല്ലാ വിഭാഗത്തിലുംപെട്ട ഓഫിഷ്യൽ വിസകൾ, ഉയർന്ന വരുമാനക്കാർക്കുള്ള ടൂറിസ്റ്റ് വിസ എന്നിവക്കാണ് വിസ നിരോധം നീക്കിയത്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ വിസ അപേക്ഷകൾ ധാക്കയിലെ ഒമാൻ എംബസിയാണ് സ്വീകരിക്കുക. എംബസി അധികൃതർ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെട്ടാണ് വിസകൾ ഇഷ്യു ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.