അലങ്കാരപ്പൊലിമയിൽ ഇന്ന് ദീപാവലി ആഘോഷം
text_fieldsമസ്കത്ത്: ദീപങ്ങളുടെ ഉത്സവത്തെ അലങ്കാരപ്പൊലിമയോടെ വരവേൽക്കാൻ പ്രവാസി സമൂഹവും ഒരുങ്ങി. താമസയിടങ്ങളിൽ മൺചെരാതുകൾ തെളിയിച്ചും അലങ്കാരങ്ങൾ ഒരുക്കിയും ചൊവ്വാഴ്ച രാത്രി തന്നെ മലയാളികൾ അടക്കമുള്ളവർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ദക്ഷിണേന്ത്യൻ സമൂഹം ഇന്നും ഉത്തരേന്ത്യക്കാര് വ്യാഴാഴ്ചയുമാണ് ദീപാവലി ആഘോഷിക്കുക. ദീപാവലി ദിവസം കുട്ടികളും മുതിർന്നവരും പുതുവസ്ത്രങ്ങൾ അണിയുകയും മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്യും. ആഘോഷത്തിെൻറ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും. താമസയിടങ്ങൾ അലങ്കരിക്കലും അലങ്കാര വിളക്കുകൾ ഒരുക്കലും ദിവസങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു.
ദീപാവലി പലഹാരങ്ങളുടെ വിൽപന കഴിഞ്ഞ ഒരാഴ്ചയായി സജീവമാണ്. ദീപാവലി സ്പെഷലായ ലാഹോറി ബർഫികൾ, കേസരി പേഡ, കറാച്ചി ഹൽവ തുടങ്ങിയവക്ക് ഒപ്പം ലഡു, ജിലേബി, മൈസൂർ പാക്ക് തുടങ്ങിയവക്കും ആവശ്യക്കാരുണ്ട്. സുഹൃത്തുക്കൾക്കും മറ്റും നൽകുന്നതിന് വിവിധ പലഹാരങ്ങൾ അടങ്ങിയ പാക്കറ്റുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒാർഡറുകൾ ലഭിച്ചതെന്ന് ബേക്കറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ചില ഇന്ത്യൻ കമ്പനികളും തങ്ങളുടെ ഉപഭോക്താക്കൾക്കായി പലഹാര പാക്കറ്റുകൾ നൽകുന്നുണ്ട്. ദീപാവലിയെ വരവേൽക്കാൻ ജ്വല്ലറികൾ നേരത്തേ തന്നെ ഒരുങ്ങിയിരുന്നു. സ്വർണം വാങ്ങിയാൽ ഐശ്വര്യം വർധിക്കുമെന്ന വിശ്വാസം നിലനിൽക്കുന്ന ദന്തരാസ് ചൊവ്വാഴ്ചയായിരുന്നു.
എന്നാൽ, ദന്തരാസ് ദിവസം പ്രതീക്ഷിച്ചത്ര തിരക്കുണ്ടായില്ലെന്ന് ദുബൈ ഗോൾഡ് മിഡിലീസ്റ്റ് ഡയറക്ടർ ബഷീർ അഹമ്മദ് പറഞ്ഞു. ഗ്രാമിന് 15.900 ബൈസയാണ് ചൊവ്വാഴ്ചയിലെ നിരക്ക്. സ്വർണവില ഉയർന്നുനിൽക്കുന്നതും പൊതുവായുള്ള മാന്ദ്യവുമാകാം കാര്യമായ തിരക്കുണ്ടാകാതിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സ്വർണാഭരണങ്ങൾക്കായിരുന്നു ആവശ്യക്കാർ ഉണ്ടായിരുന്നത്. സൗജന്യ സ്വർണനാണയങ്ങളടക്കം ആനുകൂല്യങ്ങൾ ദീപാവലിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.