ലോകകപ്പ് ഫൈനലിലെ തോൽവി; ഇന്ത്യൻ പ്രവാസികളിൽ നിരാശ
text_fieldsമത്ര (ഒമാൻ): ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ടീമിന്റെ പരാജയം ഇന്ത്യൻ പ്രവാസികളിൽ നിരാശ പടർത്തി. സെമിഫൈനലിൽ പോലുമെത്താതെ നാണംകെട്ട് പുറത്തായ പാകിസ്താനികളും ബംഗ്ലാദേശുകാരും അവസരം മുതലെടുത്ത് ട്രോളുകളും പരിഹാസവുമായി രംഗത്തുവന്നെങ്കിലും കലാശക്കളി വരെയുള്ള വീറുറ്റ പ്രകടനം ചൂണ്ടിക്കാട്ടി പ്രവാസ ഇന്ത്യക്കാർ തിരിച്ചടിച്ചു.
തകർപ്പൻ കുതിപ്പിനുശേഷം കലാശക്കളിയിൽ കുറഞ്ഞ സ്കോറിന് ഇന്ത്യ പുറത്തായപ്പോൾ തന്നെ പലർക്കും പരാജയം മണത്തിരുന്നു. എന്നാൽ, ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നയിക്കുന്ന പേസ് പട ഓസീസിനെ വരിഞ്ഞുമുറുക്കും എന്ന ആത്മ വിശ്വാസത്തിലായിരുന്നു മലയാളികളടക്കമുള്ള ഇന്ത്യക്കാർ ടി.വിയിലും മൊബൈലിലും കളി കണ്ടിരുന്നത്.
തുടക്കത്തിൽ 47 റൺസെടുക്കുന്നതിനിടെ ആസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീണതോടെ കൂടെ കളികണ്ടിരുന്ന ബംഗ്ലാദേശുകാരെയും പാകിസ്താനികളെയും മലയാളികൾ ട്രോളാനും കളിയാക്കാനും തുടങ്ങി. പിന്നീട് കളിയിൽ ആസ്ട്രേലിയ പിടിമുറുക്കിയതോടെ ഓരോ റണ്ണിനും പാകിസ്താനികളും ബംഗ്ലാദേശുകാരും പതിയെ ‘തിരിച്ചുവന്നു’. ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ അസൂയ പൂണ്ട പാകിസ്താനികള്ക്കായിരുന്നു ഇന്ത്യന്‍ പരാജയത്തില്‍ ആവേശം കൂടുതല്‍. ബംഗ്ലാദേശുകാരിൽ വലിയൊരു വിഭാഗം ഇന്ത്യയായിരുന്നു ജയിക്കേണ്ടത് എന്ന ആഗ്രഹക്കാരായിരുന്നു.
അന്തിയോളം വെള്ളം കോരി കലം ഉടച്ച പരുവത്തില്‍ മത്സരഗതി നീങ്ങിയപ്പോള്‍ ഇന്ത്യക്കാർ ആശ കൈവിട്ട പോലെയായിരുന്നു. ട്രാവിഡ് ഹെഡും ലബൂഷെയ്നും ചേർന്നുള്ള കൂട്ടുകെട്ട് മുന്നേറിയതോടെ തോറ്റെന്ന് ഉറപ്പിച്ച മട്ടിലായി അവർ. പലരും മത്സരം കഴിയുന്നതിനു മുമ്പേ തന്നെ കളി കാണുന്നത് നിർത്തി ജോലിയിൽ വ്യാപൃതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.