കോവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റ വകഭേദം–ആരോഗ്യമന്ത്രി
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 2021 ജനുവരി വരെ കുറഞ്ഞുനിന്ന കോവിഡ് പിന്നീട് രൂക്ഷമായി വ്യാപിക്കാൻ കാരണം ഡെൽറ്റാ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി.
അതിവേഗം പടരുന്ന ഡെൽറ്റാ വകഭേദമാണ് കൂടുതൽ രോഗബാധക്കും കാരണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഐ.സി.യുവിൽ കൂടുതലായി പ്രവേശിക്കപ്പെടുന്നുണ്ട്. രോഗത്തിെൻറ രൂക്ഷതയെയാണ് ഇത് കാണിക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ തീവ്രമായ ഡെൽറ്റ എല്ലാ പ്രായക്കാരെയും ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഹാമാരി ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അതിെൻറ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങൾ ഇപ്പോൾ പ്രകടമാണ്.
ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന ഭാരം എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായതായും ഡോ. സഈദി കൂട്ടിച്ചേർത്തു. 12നും 18നുമിടയിലുള്ള വിദ്യാർഥികൾക്ക് അടുത്തയാഴ്ച അവസാനം മുതൽ വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 3.20 ലക്ഷം വിദ്യാർഥികൾക്ക് വാക്സിൻ നൽകാനാണ് പദ്ധതി. അടുത്ത സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുമ്പ് ഇവർക്കെല്ലാം രണ്ട് ഡോസ് മരുന്ന് വീതം നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. വാക്സിനേഷന് ശേഷം ഇവരുടെ സ്കൂൾ ക്ലാസുകൾ സാധാരണപോലെ പുനരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ജനറൽ ഡിപ്ലോമക്ക് പഠിക്കുന്ന 96 ശതമാനം വിദ്യാർഥികൾക്കും ഇതിനകം വാക്സിൻ നൽകിയതായും മന്ത്രി പറഞ്ഞു.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാർഡുകളിലും ഐ.സി.യുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 75 ശതമാനം കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു. മുൻകരുതൽ നടപടികളും ലോക്ഡൗൺ നിബന്ധനകളുമെല്ലാം പാലിച്ചതും വാക്സിനെടുത്തതുമെല്ലാമാണ് രോഗികൾ കുറയാൻ കാരണം. രണ്ടാം തരംഗം രൂക്ഷമായി നിന്നസമയത്ത് ഒരു ദിവസം 211 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അത് രണ്ടക്കത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഭാഗിക അടച്ചിടലിെൻറ ഫലമാണ് ഇത്. പെരുന്നാൾ ദിവസത്തെ സമ്പൂർണ ലോക്ഡൗണിെൻറ ഫലം കാണണമെങ്കിൽ രണ്ടാഴ്ചവരെ സമയമെടുക്കും. ഐ.സിയു രോഗികൾ അഞ്ഞൂറിന് മുകളിലെത്തിയതിനെ തുടർന്ന് തകർച്ചയുടെ വക്കിലായിരുന്ന ആരോഗ്യരംഗം അവിെടനിന്നാണ് തിരിച്ചെത്തിയതെന്നും ഡോ. അൽ സഈദി പറഞ്ഞു.
മുൻഗണനാപട്ടികയിലുള്ളവരുടെ 50 ശതമാനത്തോളം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ 30 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ. മൊത്തം 76 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് ഒമാൻ ബുക്ക് ചെയ്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്സിനേഷനെതിരായ ഊഹാപോഹങ്ങൾ ചെവിക്കൊള്ളരുത്. ഇതുവരെ മരിച്ചവരിൽ കൂടുതലും 60 വയസ്സിന് മുകളിലുള്ള വാക്സിൻ സ്വീകരിക്കാത്തവരാണെന്നും ഡോ. അൽ സഈദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.