ഡിമാൻഡ് വർധിക്കുന്നു; ഉയർന്നും താഴ്ന്നും ഒമാൻ എണ്ണവില
text_fieldsമസ്കത്ത്: ഒമാൻ എണ്ണവില കഴിഞ്ഞ ചൊവ്വാഴ്ച ബാരലിന് 85 ഡോളർ കടന്നെങ്കിലും വെള്ളിയാഴ്ച 82.22 ഡോളറിലേക്കു തിരിച്ചെത്തി. അഞ്ചു ദിവസത്തിനുള്ളിൽ എണ്ണവില ചാഞ്ചാടുകയാണ്.
വ്യാഴാഴ്ച ഒമാൻ അസംസ്കൃത എണ്ണയുടെ വില ബാരലിന് 84.15 ഡോളറായിരുന്നു. വ്യാഴാഴ്ചത്തെക്കാൾ 1.93 ഡോളറാണ് വെള്ളിയാഴ്ച കുറഞ്ഞത്.
ചൊവ്വാഴ്ചയായിരുന്നു ഏറ്റവും ഉയർന്ന വില- ബാരലിന് 85.19 ഡോളർ. എണ്ണവില വർധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ലോകം കോവിഡ് പ്രതിസന്ധിയിൽനിന്ന് മോചിതമായതോടെ ലോക വിപണിയിൽ എണ്ണയുടെ ആവശ്യം വലിയതോതിൽ വർധിക്കുകയാണ്.
കോവിഡിനു മുമ്പുള്ളതിനെക്കാൾ കൂടുതൽ ഡിമാൻഡാണ് ഇപ്പോൾ ലോക മാർക്കറ്റിൽ എണ്ണക്കുള്ളത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതാണ് ലോക മാർക്കറ്റിൽ എണ്ണയുടെ ഡിമാൻഡ് വർധിക്കാൻ പ്രധാന കാരണം. ചൈന വിപണി പൂർണമായി തുറന്നതോടെ എണ്ണവില ഇനിയും വർധിക്കാനും സാധ്യതയുണ്ട്. ആഗോള മാർക്കറ്റിൽ വിലക്കു വന്നതോടെ റഷ്യ എണ്ണ ഉൽപാദനം അഞ്ചു ശതമാനം വെട്ടിക്കുറച്ചത് മാർക്കറ്റിൽ എണ്ണയുടെ ഡിമാൻഡ് വർധിക്കാൻ കാരണമാകും. ഉപരോധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി കുറഞ്ഞിരുന്നു. ഇതോടെ കുറഞ്ഞ വിലക്കാണ് ഏഷ്യൻ മാർക്കറ്റിലേക്ക് റഷ്യ എണ്ണ നൽകിക്കൊണ്ടിരുന്നത്. ഇത് വൻ സാമ്പത്തികനഷ്ടമുണ്ടാക്കിയതോടെയാണ് റഷ്യ എണ്ണ ഉൽപാദനം കുറച്ചത്. ഇതും ലോക വിപണിയിൽ എണ്ണക്ക് ഡിമാൻഡ് വർധിക്കാൻ കാരണമാകുന്നുണ്ട്.
ഈ വർഷം എണ്ണയുടെ ഡിമാൻഡ് ദിവസം 2.3 ദശലക്ഷം ബാരൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഒപെക് വിലയിരുത്തുന്നത്.
ഈ വർഷം 101.87 ദശലക്ഷം ബാരലാണ് ഒരു ദിവസത്തെ എണ്ണ ഉപഭോഗമായി കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ ഉപയോഗം തീരെ കുറവായിരുന്നു. ചൈന മാർക്കറ്റ് സജീവമായതോടെ ദിവസവും ഒമ്പതു ലക്ഷം ബാരൽ എണ്ണയാണ് അധികം ആവശ്യമായി വന്നിരിക്കുന്നത്. നിലവിൽ ഇറാനിൽനിന്നാണ് ചൈന ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡൻറ് നടത്തിയ ചൈന സന്ദർശനം എണ്ണ കയറ്റുമതി വർധിപ്പിക്കാൻ കാരണമാക്കും. അതിനിടെ, മാർക്കറ്റിൽ കൂടുതൽ എണ്ണ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാനെതിരെയുള്ള ഉപരോധം പിൻവലിക്കുന്നതും ബൈഡൻ ഭരണകൂടം പരിഗണിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധികൾ പൂർണമായി മാറിയതോടെ എല്ലാ ലോക രാജ്യങ്ങളിലും എണ്ണയുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഇന്ത്യയിലും ഈ വർഷം എണ്ണയുടെ ഡിമാൻഡ് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ മാസം രണ്ടാം പകുതിയിൽ എണ്ണയുടെ ഉപഭോഗത്തിൽ ഇന്ത്യയിൽ വൻ വർധനയാണ് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.