നോട്ട് നിരോധനം; 2000 രൂപ കൈയിലുള്ളവർ നാട്ടിൽ മാറേണ്ടി വരും
text_fieldsമസ്കത്ത്: 2000 രൂപ നോട്ടുകൾ നിരോധിച്ച് റിസർവ് ബാങ്ക് ഉത്തരവിറക്കിയതോടെ ഇവ കൈയിലുള്ള പ്രവാസികൾ നാട്ടിൽ പോയി മാറ്റി എടുക്കേണ്ടി വരും. സെപ്റ്റംബർ 30ന് മുമ്പ് നാട്ടിൽ പോവാൻ കഴിയാത്തവർ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വശം നാട്ടിൽ കൊടുത്തയക്കേണ്ടി വരും. ഒമാനിലെ പല വിനിമയ സ്ഥാപനങ്ങളിലും 2000ത്തിന്റെ ഇന്ത്യൻ നോട്ടുകൾ സ്റ്റോക്കില്ലെന്നാണ് അറിയുന്നത്. 2000 നോട്ടുകളുടെ അച്ചടി നിർത്തിവെച്ചതായി വാർത്തകൾ വന്നതു മുതൽ തന്നെ 2000 നോട്ടുകൾ വാങ്ങുന്നത് വിനിമയ സ്ഥാപനങ്ങൾ ഒഴിവാക്കിയിരുന്നു. -
ഇതു കാരണം വിനിമയ സ്ഥാപനങ്ങൾക്ക് വലിയ പരിക്കേൽക്കില്ല. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് പല വിനിമയസ്ഥാപനങ്ങളിലും വലിയ സ്റ്റോക്ക് ഉണ്ടായിരുന്നു. ഇവ മാറിയെടുക്കാൻ കഴിയാത്തതിനാൽ പല സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 2000രൂപ നോട്ടുകൾ സാധാരണ പ്രവാസികളുടെ കൈയിൽ വൻ തോതിൽ ഉണ്ടാവാറില്ല. നാട്ടിൽനിന്ന് വരുമ്പോഴുള്ള യാത്ര ചെലവിനും മറ്റ് കരുതി വെച്ചതിന്റെ ബാക്കിയുള്ളവയായിരിക്കും ഇത്.
ഒമാനിൽ കുടുംബമായി കഴിയുന്നവരിലാണ് 2000ന്റെ ഏതാനും നോട്ടുകൾ ഉണ്ടാവുക. അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോവാനും അടിയന്തര ഘട്ടത്തിൽ നാട്ടിലേക്കുള്ള ടാക്സി ചെലവിനും മറ്റും നോട്ടുകൾ കരുതിവെച്ച അപൂർവം ചിലരുമുണ്ട്. ഒമാനിലെ ബാങ്കുകളോ വിനിമയ സ്ഥാപനങ്ങളോ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ഇന്ത്യയിൽ ചികിത്സക്കും മറ്റും പോയ ഒമാനി സ്വദേശികളുടെയും മറ്റും കൈയിൽ ബാക്കി വരുന്ന 2000 രൂപ നോട്ടുകളും ഒമാനിൽ മാറാൻ കഴിയാത്തത് പ്രയാസം സൃഷ്ടിക്കും. 2000 രൂപ നിരോധിച്ച വിവരം ഇന്ത്യയിലുള്ള ഒമാനികളെ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർവരെ സമയ പരിധിയുള്ളതിനാൽ വേനൽ അവധിക്ക് നാട്ടിൽ പോവുന്നവർക്ക് പണം മാറി എടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.