ഡെങ്കിപ്പനി: മസ്കത്ത് ഗവർണറേറ്റിലെ രണ്ട് വിലായത്തുകളിൽ 10 ദിവസ കാമ്പയിൻ
text_fieldsമസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊതുകിന്റെ വ്യാപനം തടയാനായി മസ്കത്ത് ഗവർണറേറ്റിലെ രണ്ട് വിലായത്തുകളിൽ 10 ദിവസത്തെ കാമ്പയിനുകൾക്ക് തുടക്കമായി. മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സീബ്, ബൗഷർ എന്നിവിടങ്ങളിലെ വിലായത്തുകളിലാണ് ആരോഗ്യ മന്ത്രാലയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
രണ്ട് ടീമുകളുടെ നേതൃത്വത്തിലായിരിക്കും ഇത്. ആദ്യ ടീം പകർച്ചവ്യാധിയെക്കുറിച്ചും കൊതുകുകൾ പടരുന്ന സ്ഥലങ്ങളെക്കുറിച്ചും അന്വേഷിക്കും. രണ്ടാമത്തെ ടീം കീടനാശിനികൾ തളിച്ചും പ്രജനനത്തിന് കാരണമായ ചതുപ്പുനിലങ്ങളും കുളങ്ങളും നികത്തിയും കൊതുകിനെ തുരത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കൺട്രോൾ എപ്പിഡെമിയോളജിസ്റ്റ് ഡോ. അബ്ദുല്ല ബിൻ ബഷീർ അൽ മാഞ്ചി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിലെ ആശുപത്രികളുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡിസീസ് കൺട്രോൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൗഷർ വിലായത്തിലാണ് ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗവും ചേർന്നിരുന്നു. 2019, 2020 കാലഘട്ടങ്ങളിൽ മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.