ഡെങ്കിപ്പനി: കാമ്പയിൻ ഊർജിതമാക്കി
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിൻ ശക്തിപ്പടുത്തി അധികൃതർ. ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച്.എസ്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് കാമ്പയിനുകൾ പുരോഗമിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഗവർണറേറ്റിലെ വിവിധ ഗ്രാമങ്ങളിൽ ലഘുലേഖയും ബ്രോഷറുകളും വിതരണം ചെയ്തു. ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഫീൽഡ് ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. മസ്‌കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി നിലവിൽ 76ഓളം ഡെങ്കിപ്പനി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 3500ലധികം വീടുകളിൽ കൊതുകുനാശിനി തളിച്ചു.
മാർച്ച് 27മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇത്രയും വീടുകളിൽ കൊതുകുനാശിനി തളിച്ചത്. കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ്. 'ബി ദ ചേഞ്ച്' എന്ന പ്രമേയത്തിൽ മാൾ ഓഫ് മസ്‌കത്തിൽ ദ്വിദിന പ്രദർശനവും നടന്നു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ കുറിച്ചുള്ള പ്രദർശനവും പ്രതിരോധ നടപടികളുമായിരുന്നു കാമ്പയിനിൽ വിശദീകരിച്ചിരുന്നത്.
കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ഒരു വർക്കിങ് ടീം രൂപവത്കരിക്കാൻ മസ്‌കത്ത് ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. തമ്ര സഈദ് അൽ ഗഫ്രി നിർദേശിച്ചു. ഡി.ജി.എച്ച്.എസ്, മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ വിവിധ പബ്ലിക് ഡയറക്‌ടറേറ്റുകൾ, ഹയാ വാട്ടർ, ഒമാൻ എൻവയൺമെന്‍റൽ സർവിസസ് ഹോൾഡിങ് കമ്പനി തുടങ്ങിയവയിൽനിന്നുള്ള സ്പെഷലിസ്റ്റുകളും ഉദ്യോഗസ്ഥരും ഇതിൽ അംഗങ്ങളായുണ്ട്.
ഔദ്യാഗിക കണക്കുപ്രകാരം മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബൗഷർ -17, സീബ് -ഏഴ്, അമിറാത്ത്-രണ്ട് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകൾ. രാജ്യത്ത് 2019, 2020 വർഷങ്ങളിലും മസ്കത്ത്, ദോഫാർ ഗവർണറേറ്റുകൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.