ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; 76 പേർക്ക് രോഗബാധ
text_fieldsമസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. മസ്കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി 76ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സഈദി പറഞ്ഞു. പകർച്ചവ്യാധി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ, സർക്കാറുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആവശ്യമായ നടപടികൾ സ്വീകരിച്ച് കൊതുകിനെ തുരത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇതിനായി എല്ലാവരുടെയും ഭാഗത്തുനിന്ന് സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മസ്കത്ത് ഗവർണറേറ്റിലെ ഡെങ്കിപ്പനിയുടെ അവസ്ഥയെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. രാജ്യവ്യാപകമായി കൊതുകിനെ തുരത്താനുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾക്കുള്ള പ്രാധാന്യത്തെ കുറിച്ചും യോഗം അടിവരയിട്ടു പറഞ്ഞു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ നടത്തുന്ന കാമ്പയിനിലെ വെല്ലുവിളികളെ കുറിച്ചും അതിനെ മറികടക്കുന്ന രീതിയെ പറ്റിയും ചർച്ച ചെയ്തു. സാമൂഹിക അവബോധം വളർത്താനും യോഗം തീരുമാനിച്ചു.
മസ്കത്ത് ഗവർണറേറ്റിൽ ഡെങ്കിപ്പനിക്കെതിരെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ 3500ലധികം വീടുകളിൽ കൊതുകുനാശിനി തളിച്ചു. മാർച്ച് 27 മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലാണ് നടപടി. 900 ലിറ്ററിലധികം കൊതുകുനാശിനിയാണ് ഇതിനായി ഉപയോഗിച്ചത്.
കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ്. ഇവിടെ 2,857 വീടുകളിലാണ് കൊതുക് നശീകരണി തളിച്ചത്. അൽ അൻസബ് 254, സീബ് വിലായത്തിലെ അൽ ഹെയിൽ സൗത്ത് 235, അൽ ബഹൈസ് വാലി ഏരിയയിൽ 30, അൽ അമിറാത് വിലായത്ത് 290 എന്നിങ്ങനെ 3,666 വീടുകളിലാണ് മരുന്നുകൾ തളിച്ചതെന്ന് മസ്കത്ത് അധികൃതർ അറിയിച്ചു.
പനിയുടെ വ്യാപനത്തിന് കാരണമാകുന്ന കൊതുകിനെ തുരത്താനുള്ള കാമ്പയിന് കഴിഞ്ഞ ദിവസം മസ്കത്ത് മാളിലും തുടക്കമായിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബൗഷർ -17, സീബ് -ഏഴ്, അമിറാത് -രണ്ട് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകൾ. രാജ്യത്ത് 2019, 2020 വർഷങ്ങളിലും മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.