ഡെങ്കിപ്പനി; കൊതുകിനെ നിയന്ത്രിക്കാൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ നിയന്ത്രിക്കാൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർകണ്ടീഷണർ വെള്ളം ശേഖരിക്കുന്ന ടബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വാട്ടർ പ്ലേറ്റുകൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ ഇവയുടെ പ്രജനന കേന്ദ്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും നിർദേശിച്ചു.
ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പകൽ സമയത്ത് മാത്രം കടിക്കുന്ന ഇവയുടെ നിറം കറുപ്പും മുതുകിലും മൂന്നു ജോഡി കാലുകളിലും വെളുത്ത വരകളും ഉണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നു നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇവ ശ്രദ്ധിക്കാം
- ജലസംഭരണികൾ ശരിയായ
- രീതിയിൽ മൂടുക
- കെട്ടിക്കിടക്കുന്ന വെള്ളം
- ഒഴുക്കിക്കളയുക
- ശരീരത്തിന്റെ ഭൂരിഭാഗവും മറയുന്ന വസ്ത്രങ്ങൾ ധരിച്ച് കൊതുക് കടി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക
- കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക
- ഓരോ അഞ്ച് ദിവസം കൂടുമ്പോഴും
- ജലസംഭരണികൾ ശുചീകരിക്കുക
- കൊതുകുകൾ വരാതിരിക്കാൻ
- ജനാലകൾക്ക് വലകൾ ഘടിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.