സീസൺ വൈകിയെത്തിയെങ്കിലും വിപണി സജീവമാക്കി ഒമാൻ പച്ചക്കറി
text_fieldsമസ്കത്ത്: രണ്ടു മാസം വൈകിയെത്തിയെങ്കിലും ഒമാൻ പച്ചക്കറി സീസൺ ആരംഭിച്ചു. ഇതോടെ എല്ലാ പച്ചക്കറി ഉൽപന്നങ്ങളും വിപണിയിലെത്തുകയും വില കുറയുകയും ചെയ്തു. തക്കാളിയടക്കമുള്ള ഇനങ്ങൾ വിപണിയിലെത്തിയതോടെ മാർക്കറ്റ് സജീവമാവുകയും ചെയ്തു. സാധാരണ ഡിസംബർ ആദ്യത്തോടെയാണ് പച്ചക്കറി സീസൺ ആരംഭിക്കുകയും മാർക്കറ്റ് സജീവമാവുകയും ചെയ്യുന്നത്. എന്നാൽ, ഈ വർഷം പ്രതികൂല കാലാവസ്ഥ കാരണം ഒമാൻ പച്ചക്കറി സീസൺ വൈകുകയായിരുന്നു. അതിനാൽ ജനുവരി അവസാനത്തോടെയാണ് പച്ചക്കറി സീസൺ ആരംഭിച്ചത്.
സീസൺ ആരംഭിച്ചതോടെ എല്ലാ പച്ചക്കറി ഇനങ്ങളുടെയും വില കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു കാർട്ടൺ തക്കാളിക്ക് 600 ബൈസയാണ് മൊത്ത വ്യാപാരികൾ ഈടാക്കുന്നത്.
ഒരു കാർട്ടൺ അഞ്ച് കിലോയിൽ കൂടുതൽ വരും. സീസൺ തുടങ്ങുന്നതിന് മുമ്പ് ഒരു കിലോ തക്കളിക്ക് 500 ബൈസക്ക് മുകളിലായിരുന്നു വില. കൂടാതെ കാപ്സിക്കം, കാബേജ്, കോളീഫ്ലവർ, കക്കിരി, ബീൻസ്, നീണ്ട ബീൻസ്, കൂസ, പാവക്ക, കദ്ദു, കുമ്പളം, വഴുതന, അമര പയർ, പടവലം, വെണ്ട, കസ്, മത്തങ്ങ തുടങ്ങിയ എല്ലാ പച്ചക്കറി വിഭവങ്ങളും സുലഭമായി വിപണിയിലെത്തിയിട്ടുണ്ട്.
പച്ചക്കറി സീസൺ ആരംഭിക്കാൻ വൈകിയെങ്കിലും ഇപ്പോൾ നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും അതിനാൽ നല്ല ഉൽപാദനമാണുള്ളതെന്നും സുഹുൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഇതേ അനുകൂല കാലാവസ്ഥ തുടരുകയാണെങ്കിൽ സീസൺ ഏപ്രിൽ അവസാനം വരെ തുടരുമെന്നും ഉപഭോക്താക്കൾക്കു വില കുറവ് ഈ കാലയളവ് വരെ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉൽപാദനം വർധിച്ചതിനാൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും പച്ചക്കറികൾ എത്തിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ ഉൽപാദനം മികച്ചതാണെങ്കിലും കയറ്റുമതി പൊതുവെ കുറവാണ്. ഒമാന്റെ പച്ചക്കറികളുടെ ഗുണനിലവാരവും ഏറെ മെച്ചപ്പെട്ടതാണ്. കീടനാശിനി അംശം കുറഞ്ഞ പച്ചക്കറികളെന്ന പ്രത്യേകതയും ഒമാൻ പച്ചക്കറിക്കുണ്ട്. എന്നാൽ, മറ്റ് അയൽ രാജ്യങ്ങളിലും പച്ചക്കറി സീസൺ ആരംഭിച്ചതും ഉൽപാദനം വർധിച്ചതുമാണ് ഒമാൻപച്ചക്കറിയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. ഇതും പ്രദേശിക മാർക്കറ്റിൽ പച്ചക്കറി വില കുറയാൻ സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.