മസ്കത്ത് എക്സ്പ്രസ് വേ വികസിപ്പിക്കുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന പാതയായ മസ്കത്ത് എക്സ്പ്രസ് വേ വികസിപ്പിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി. ഇതിനുള്ള ടെൻഡർ നടപടികൾക്ക് ടെൻഡർ ബോർഡ് ജനറൽ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുനിസിപ്പിലിറ്റി വിപുലീകരണം പ്രഖ്യാപിച്ചത്. രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പത്താം പഞ്ചവത്സര വികസന പദ്ധതിയിൽ (2021-2025) ചേർത്ത അധിക പ്രോജക്ടുകളിൽ റോഡ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അൽ ഖുറം, ഹൽബൻ ഇൻറർചേഞ്ചുകൾക്കിടയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. തുടർന്ന് ബാത്തിന എക്സ്പ്രസ് വേയുമായി (ഓരോ വശത്തും മൂന്ന് പാതകൾ) ബന്ധിപ്പിക്കും. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത കുരുക്ക് കുറക്കുന്നതിനും എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണ്. റോഡ് തുറന്നുകൊടുത്ത് 13 വർഷങ്ങൾക്ക് ശേഷമാണ് എക്സ്പ്രസ് വേ വികസിപ്പിക്കുന്നത്.
മേഖലയിലെ ഗതാഗത ശൃംഖലയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ദിശയിലേക്കും ആറുവരിയായി വികസിപ്പിക്കൽ, നിലവിലെ പാലങ്ങളുടെ വിപുലീകരണം, ഇന്റർസെക്ഷനുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓവുചാലുകൾ, പർവത ചരിവുകളുടെ സംരക്ഷണ പ്രവൃത്തികൾ, നടപ്പാത, പരിസ്ഥിതി സൗഹൃദ ലൈറ്റിങ്ങുകൾ തുടങ്ങിയവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. അടുത്ത വർഷം നാലാംപാദത്തോടെ പദ്ധതി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 54 കിലോമീറ്റർ നീളമാണ് മസ്കത്ത് എക്സ്പ്രസ് വേക്കുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.