പുതിയ റോഡുകളൊരുങ്ങുന്നു
text_fieldsമസ്കത്ത്: യാത്രയുടെ ദൂരവും ചെലവും കുറക്കുകയെന്ന ലക്ഷ്യവുമായി വിവിധ റോഡ് പദ്ധതികൾ സുൽത്താനേറ്റിൽ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുന്ന ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും മസ്കത്ത് മുനിസിപ്പാലിറ്റിയും. മസ്കത്ത് മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് നടത്തുന്ന അൽ സീബിലെ മാബേല ഏരിയയിലെ അന്നുസ്ഹ ഡ്യുയൽ കാര്യേജ്വേ പ്രോജക്ടാണ് ഇതിൽ പ്രധാന്യമുള്ള ഒരെണ്ണം. മസ്കത്ത് ഗവർണറേറ്റിലെ ചരക്കുനീക്കമടക്കമുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള ഈ ഇരട്ടപ്പാത പദ്ധതിയിൽ 11 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. 3.5 കിലോമീറ്റർ സർവിസ് റോഡും ഉണ്ടാകും. ആറ് ട്രാഫിക് ഇന്റർസെക്ഷനുകളും ജലനിർഗമന സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
2023ന്റെ രണ്ടാം പാദത്തിൽ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തെ ചിലയിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും ഇവിടത്തെയും സമീപപ്രദേശങ്ങളിലെയും വാണിജ്യ മേഖലയുടെയും ജനവാസ മേഖലയുടെയും വികസനം സാധ്യമാക്കാനും പദ്ധതി മുതൽക്കൂട്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അൽ സീബിലെ അൽ ഖൂദ് ഏരിയയിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി റോഡ് ഇരട്ടപ്പാതയാക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. അൽ ഖൂദ് ഡിസ്ട്രിക്ട് സിക്സിലെ റൗണ്ടെബൗട്ടിൽനിന്നും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിലുള്ള ട്രാഫിക് ലൈറ്റ്സ് ഇന്റർസെക്ഷൻ വരെയാണ് ഈ പാത. പദ്ധതിയുടെ ഭാഗമായി അൽ ഖൂദ് ഡിസ്ട്രിക്ട് സിക്സിലെ നിലവിലെ റൗണ്ടെബൗട്ടിനെ ഫോർ വേ ഇൻർസെക്ഷനായി വികസിപ്പിക്കും. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ കവാടത്തിനുമുന്നിൽ പുതിയ സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനും നിർമിക്കും. 2023 അവസാനപാദത്തിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കും സമീപത്തെ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളിലേക്കും വാണിജ്യ-ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം ഇതോടെ വളരെ സുഗമമാകും.സാമ്പത്തിക, വ്യവസായ, സേവന മേഖലകളിലെ വികസനത്തിന്റെ അളവുകോലുകൾ പരിശോധിച്ചാൽ റോഡുകൾ നിർണായക പങ്കുവഹിക്കുന്നതായി കാണാമെന്ന് ഗതാഗത മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. വടക്കൻ ബാതിന ഗവർണറേറ്റിലെ അൽഖാബൂറ വിലായത്തിലെ വാദി അൽ ഖാനൂത് റോഡ് പദ്ധതിയുടെ 65 ശതമാനം പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു.7.5 കിലോമീറ്ററാണ് ഈ റോഡിന്റെ ദൈർഘ്യം. വാദി അൽ സറാമി റോഡിൽ നിന്ന് ആരംഭിച്ച് അൽ ഖാനൂത് വില്ലേജിൽ അവസാനിക്കും വിധമാണ് ഈ ഇരട്ടപ്പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.