വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനം; നിക്ഷേപങ്ങൾക്ക് വാതിൽതുറന്ന് ബുറൈമി
text_fieldsമസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കുകയും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിൽ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കി അധികൃതർ.
സാംസ്കാരിക, വിനോദസഞ്ചാര, പൈതൃക പാർക്ക് സ്ഥാപിക്കാൻ അൽഅബില ഏരിയ, ബുറൈമി ഗേറ്റ്, നിരവധി വിനോദ പ്രവർത്തനങ്ങളും വിനോദസഞ്ചാര പരിപാടികളും സജ്ജീകരിക്കുന്നതിനായി ആശുപത്രി റൗണ്ട് എബൗട്ടിന് സമീപമുള്ള മഹ്ദ റോഡ്, അൽ ഖന്ദഖ് കോട്ടക്കും അൽ ബുറൈമി ഒയാസിസിനും സമീപമുള്ള സൈറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് നിക്ഷേപത്തിനായി അവസമൊരുക്കിയിരിക്കുന്നത്.
ഗവർണർ ഡോ. ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒമ്രാൻ ഗ്രൂപ്പിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ എൻജി. മുഹമ്മദ് ബിൻ സലീം അൽ ബുസൈദി പങ്കെടുത്തു. ഗവർണറേറ്റിലെ ജബൽ അഖ്ദർ പോലുള്ള വിനോദസഞ്ചാര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
സാഹസിക വിനോദസഞ്ചാരം, മലകയറ്റം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, വാദികൾ, പരമ്പരാഗത ഷൂട്ടിങ് തുടങ്ങി ഗവർണറേറ്റിൽ ടൂറിസം പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും നിരവധി സംരംഭങ്ങളെക്കുറിച്ചും യോഗം വിശകലനം ചെയ്തു.
ഇതിലൂടെ നിരവധി സഞ്ചാരികളെ ഗവർണറേറ്റിലേക്ക് ആകർഷിക്കാനും തദ്ദേശീയരായ ആളുകൾക്ക് ഒട്ടനവധി തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്.
പുരാവസ്തു, ചരിത്ര സ്ഥലങ്ങൾ, കോട്ടകൾ, പ്രകൃതിദത്ത പ്രദേശങ്ങൾ, വാദികൾ, കാർഷിക മരുപ്പച്ചകൾ, മഹ്ദഫ, അൽ സുന്നിന്നഫ വിലായത്തുകളിലെ സ്വർണ മണലുകൾ എന്നിങ്ങനെ ഗവർണറേറ്റിലെ വൈവിധ്യങ്ങളായ ടൂറിസ്റ്റ് സ്ഥലങ്ങളെക്കുറിച്ചും ബുസൈദി വിശദീച്ചു. ഒമാനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കര തുറമുഖങ്ങളുടെ സാന്നിധ്യവും എംപ്റ്റി ക്വാർട്ടറും ഗവർണറേറ്റിന്റെ പ്രധാന കണ്ണികളാണെന്നും ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.