ദോഫാർ തിയറ്റർ ഫെസ്റ്റിവലിന് വർണാഭ തുടക്കം
text_fieldsമസ്കത്ത്: ദോഫാർ അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലിന്റെ ഒന്നാം പതിപ്പിന് സലാലയിലെ അൽ മുറൂജ് തിയറ്ററിൽ തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ഒമാനി തിയറ്റർ അസോസിയേഷന്റെയും സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ ഒമ്പതുവരെ നീളുന്നതാണ് ഫെസ്റ്റിവൽ.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ. ദോഫാറിന്റെ സാംസ്കാരിക യാത്രയിൽ ഫെസ്റ്റിവൽ പ്രധാന കൂട്ടിച്ചേർക്കലാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹ് മദ് ബിൻ മുഹ്സിൻ അൽ ഗസാനി പറഞ്ഞു.
രാഷ്ട്രങ്ങൾ തമ്മിലെ സാംസ്കാരിക സംവാദം വളർത്തുന്നതിനുള്ള മാർഗമെന്ന നിലയിൽ നാടക കലയുടെ പ്രാധാന്യം ഡോ. അൽ ഗസ്സാനി അടിവരയിട്ടു പറഞ്ഞു.
രാജ്യത്തിന്റെ ആധികാരിക വ്യക്തിത്വവും സമ്പന്നമായ പൈതൃകവും ഉയർത്തിക്കാട്ടുന്നതിനൊപ്പം ഒമാന്റെ സാംസ്കാരികവും കലാപരവുമായ ഭൂപ്രകൃതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഫെസ്റ്റിവലിന്റെ വിജയം ഉറപ്പാക്കാൻ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഫെസ്റ്റിവലിെന്റ പ്രവർത്തനങ്ങൾ, മത്സരങ്ങളുടെ മൂല്യനിർണയ പ്രക്രിയ എന്നിവ വിശദീകരിച്ചു. നാടകങ്ങൾക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി കലാകാരന്മാരെ ആദരിച്ചു. ആറു വിഭാഗങ്ങളിലായി 50 രാജ്യങ്ങളിൽനിന്നുള്ള 350 കലാകാരന്മാർ പങ്കെടുക്കുന്ന 35 നാടകങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.