ഡിജിറ്റൽ ഇക്കോണമി: ജി20 മന്ത്രിതല യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: ബംഗളൂരുവിൽ നടക്കുന്ന ജി20 രാജ്യങ്ങളിലെ ഡിജിറ്റൽ ഇക്കോണമി സംബന്ധിച്ച മന്ത്രിതല ചർച്ചയിൽ ഒമാനെ പ്രതിനിധാനം ചെയ്ത് ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പങ്കെടുത്തു.ഇന്ത്യ ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിക്കു മുമ്പായി സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് യോഗം ചേർന്നത്.
സുരക്ഷിത ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെയും കഴിവുകൾ വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യം വിവിധ രാഷ്ട്ര പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിന്യാസം, ഭരണം എന്നിവക്കായി പൊതു ചട്ടക്കൂട് രൂപപ്പെടുത്താൻ യോഗത്തിൽ പങ്കെടുത്തവർ ധാരണയായി. യോഗത്തിൽ ഇൻഫർമേഷൻ ടെക്നോളജി ഫോർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമീർ അൽ ശൈതാനി ഒമാനെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു.
ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വ്യക്തിഗത ഡേറ്റ പരിരക്ഷിക്കുകയും സ്വകാര്യത ഉറപ്പുനൽകുകയും വേണമെന്ന് അഭിപ്രായപ്പെട്ടു. സുസ്ഥിര ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടാനും വികസ്വര മേഖലയിൽ സഹകരണവും പങ്കാളിത്ത ബന്ധങ്ങളും കെട്ടിപ്പടുക്കാനുമാണ് ഒമാൻ ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.