ഡിജിറ്റൽ പരിവർത്തനം അതിവേഗം
text_fieldsമസ്കത്ത്: രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികൾ സജീവമായതോടെ പണരഹിത ഇടപാടുകളുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്റർനെറ്റ്, മൊബൈൽ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമായതോടെ പുതിയ സംവിധാനങ്ങളിലേക്ക് സജീവമായി ജനങ്ങൾ മാറുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തുവിട്ട 2023ലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഓൺലൈൻ ചെറുകിട വ്യാപാരം 37.8 ശതമാനമായാണ് വർധിച്ചത്. ക്രമാതീതമായ വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ 27.44 കോടി ഇടപാടുകളാണ് നടന്നത്. ചെക്ക് വഴിയുള്ള ഇടപാടുകൾ അഞ്ചുവർഷത്തെ ശരാശരിയിൽ ഏറ്റവും കുറഞ്ഞ എണ്ണമാണ് കഴിഞ്ഞ വർഷമുണ്ടായത്. പേപ്പർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിൽനിന്ന് അതിവേഗം ഡിജിറ്റലിലേക്ക് ആളുകൾ പരിവർത്തിക്കപ്പെടുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു.
മൊബൈൽ വഴിയുള്ള പേമെൻറ് ഇടപാടുകളിൽ 551 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, എ.ടി.എം വഴിയുള്ള ഇടപാടുകളിൽ ചെറിയ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. 8.75 ശതമാനമാണ് ഇക്കാര്യത്തിലെ വർധന. ഇ-പേമെന്റ് സംവിധാനം അതിവേഗം ഒമാനിലെ എല്ലാ മേഖലകളിലും സ്വീകാര്യത നേടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിലാണ് സുരക്ഷിതമായ ഇടപാട് സംവിധാനം എന്ന നിലയിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ശക്തിപ്പെട്ടത്. സർക്കാർ പുതിയ ഡിജിറ്റൽ സംവിധാന നയത്തെ പ്രോത്സാഹിപ്പിച്ചതോടെ പരിവർത്തനത്തിന് അതിവേഗം കൈവരുകയായിരുന്നു.
നിശ്ചിത മേഖലകളിലുള്ള സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഉൾപ്പെടുത്തേണ്ടത് രാജ്യത്ത് നിർബന്ധമാക്കിയിട്ടുണ്ട്. സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ, പച്ചക്കറി-പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെന്റ് സംവിധാനം നടപ്പാക്കിയത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രാലയം സ്ഥാപനങ്ങളിൽ ഇത് നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവരുന്നുമുണ്ട്. ഷോപ്പിങ് മാളുകൾ, കഫേകൾ-റസ്റ്റാറൻറുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.