സലാല ഒരു മലയാള സിനിമക്ക് ലൊക്കേഷനാകുന്നു
text_fieldsസലാല: മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഗള്‍ഫിലെ കേരളമായ സലാലയും വൈകാതെ തെളിയും. മലയാളത്തിന്‍െറ പ്രമുഖ സംവിധായകനായ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ‘പേരിനൊരാള്‍' എന്ന മലയാള സിനിമയുടെ ലൊക്കേഷന്‍ സലാലയായിരിക്കുമെന്ന് ഉറപ്പായി. സുരാജ് വെഞ്ഞാറമൂടാണ് സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. തീര്‍ത്തും യാഥാര്‍ഥ്യ ബോധത്തോടെയുള്ള കഥയായിരിക്കും സിനിമയുടേതെന്ന് സംവിധായകന്‍ അക്കു അക്ബര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വയലന്‍സും സെന്‍റിമെന്‍സും നിറഞ്ഞ ചിത്രമായിരിക്കും ‘പേരിനൊരാള്‍’. സാധാരണ വാണിജ്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ചിത്രമൊരുക്കാനാണ് ശ്രമം. മുപ്പത് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഒരു കര്‍ഷകനാണ് സിനിമയിലെ മുഖ്യ കഥാപാത്രം. ഏപ്രില്‍ ഏഴിന് ചിത്രീകരണം ആരംഭിക്കും. പത്ത് ദിവസമാണ് ഷൂട്ടിങ്ങ് നടക്കുക. തോട്ടങ്ങളും റോഡുകളും പരമ്പരാഗത ഒമാനി വീടുമാണ് പ്രധാന ലൊക്കേഷനുകള്‍ ഇവയെല്ലാം കണ്ടെത്തിയതായും അക്കു അക്ബര്‍ പറഞ്ഞു.
മുഗ്സൈലിനടുത്തുള്ള സിഗ് സാഗ് റോഡ്, ചേരമാന്‍ പെരുമാള്‍ ഖബറിടത്തിന് സമീപം എന്നിവ പ്രധാന ലൊക്കേഷനുകളാകും. കൂടാതെ മസ്കത്തിലെ രണ്ട് സ്ഥലങ്ങളിലും ഷൂട്ടിങ്ങ് നടക്കും. നാട്ടിലെ സ്കൂള്‍ അവധിക്ക് ശേഷമാകും സിനിമ റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ലൊക്കേഷനുകള്‍ സന്ദര്‍ശിച്ച സംവിധായകന്‍, ഛായാഗ്രാഹകന്‍ വിഷ്ണു നമ്പൂതിരി, ഒമാനിലെ കോര്‍ഡിനേറ്റര്‍മാരായ ദുഫൈല്‍ അന്തിക്കാട്, പ്രേംജിത്ത് എന്നിവര്‍ രാത്രി ഒമാന്‍ എയറില്‍ മസ്കത്തിലേക്ക് മടങ്ങി. അയ്യൂബ് വക്കാട്ടും, ശാഫി മുഹമ്മദുമാണ് സലാലയിലെ ഇവര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.