ക്രമസമാധാനം: സൈനിക, സുരക്ഷ ഏജൻസികളെ അഭിനന്ദിച്ച് സുൽത്താൻ
text_fieldsമസ്കത്ത്: സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സൈനിക, സുരക്ഷാ ഏജൻസികളിലെ അംഗങ്ങളുടെ കാര്യക്ഷമതയെ അഭിനന്ദിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. സലാലയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുൽത്താൻ.
ഇത്തരം പ്രതിഭാസങ്ങൾ നിരീക്ഷിക്കാനും കഴിയുന്നത്ര വേഗത്തിൽ അവയെ നേരിടാനും എല്ലാ ഏജൻസികളോടും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാത്തരം തീവ്രവാദത്തെയും മതഭ്രാന്തിനെയും പക്ഷപാതത്തെയും നിരാകരിക്കുന്ന, മൂല്യങ്ങളെ അടിസ്ഥാനമാക്കി വിവിധ വശങ്ങളിൽനിന്ന് സമൂഹത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാരുടെ കൗൺസിൽ ഊന്നിപ്പറഞ്ഞു.
കുട്ടികളെ സഹിഷ്ണുതയുള്ള തത്ത്വങ്ങളിൽ വളർത്തുന്നതിലും തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ ഒഴിവാക്കുന്നതിലും കുടുംബത്തിന്റെ പങ്ക് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
അടുത്ത വർഷത്തിന്റെ തുടക്കത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കാൻ സുൽത്താൻ മന്ത്രിമാരുടെ കൗൺസിലിനോടും ബന്ധപ്പെട്ട അധികാരികളോടും നിർദേശിച്ചു.
ദേശീയ മുൻഗണനകൾ ഉൾക്കൊള്ളുന്ന ഫയലുകൾ പരിഹരിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച സുൽത്താൻ, സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾക്കിടയിലുള്ള സംതൃപ്തിയുടെ തോത് അളക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.
നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ മതിപ്പ് ഉയർത്തുന്നതിനും സഹായിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കേണ്ട വശങ്ങളെ കുറിച്ചും ഊന്നിപ്പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ഡിജിറ്റൽ ടെക്നോളജീസ് എന്നിവക്കായുള്ള ദേശീയ പരിപാടിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
അത്യാധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യതയിലൂടെയും പ്രാദേശികവത്കരണത്തിലൂടെയും കൃത്രിമബുദ്ധിക്ക് വേണ്ടിയുള്ള ആഗോള ഗവൺമെന്റ് റെഡിനസ് ഇൻഡക്സിൽ സുൽത്താനേറ്റിന്റെ റാങ്കിങ്ങിനെ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സ്വകാര്യമേഖലയിലെ തൊഴിൽ ശക്തിപ്പെടുത്തുന്നതിന് 50 ദശലക്ഷം റിയാൽ അധികമായി അനുവദിക്കാനും അംഗീകാരം നൽകി.
തൊഴിലവസരങ്ങൾ സൃഷടിക്കുന്നത് രാജ്യത്തിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു. ഖരീഫ് സീസണിൽ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിക്കാൻ സഹായിച്ച ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളെ സുൽത്താൻ പ്രശംസിച്ചു.
ഗവർണറേറ്റിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തി. ഇത് ഈ വർഷത്തെ ഖരീഫ് സീസണിന്റെ വിജയത്തിന് കാരണമായി.
വിനോദസഞ്ചാരികളുടെ അഭിലാഷങ്ങൾ പഠിക്കുന്നത് തുടരേണ്ടതിന്റെയും വരാനിരിക്കുന്ന സീസണുകളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉറപ്പാക്കുന്നതിനായി നടപ്പാക്കേണ്ട പരിപാടികളും സേവനങ്ങളും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും സുൽത്താൻ അടിവരയിട്ട് പറഞ്ഞു. വിവിധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.