കുട്ടികൾക്കും മുതിർന്നവർക്കും ഹോട്ടൽ ക്വാറൻറീനിൽ ഇളവ്
text_fieldsമസ്കത്ത്: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽനിന്ന് ചില വിഭാഗങ്ങളിലുള്ളവർക്ക് ഇളവ്.
വിവിധ വിഭാഗങ്ങളിലുള്ള യാത്രക്കാരെ ചെക്ക് ഇൻ സമയത്ത് ബുക്ക് ചെയ്ത ഹോട്ടൽ റിസർവേഷൻ രേഖകൾ കാണിക്കുന്നതിൽനിന്ന് ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വിമാന കമ്പനികൾക്ക് സർക്കുലർ നൽകി. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഇളവുണ്ടാകും.
ഇതിന് പുറമെ 16ൽ താഴെയും 60ന് മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടർമാരുടെ കത്ത് ഉണ്ടാകണം), റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിെൻറ അംഗീകാരമുള്ള സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ പെർമിറ്റുകൾ കൈവശമുള്ളവർ എന്നിവർക്കും ചെക്ക് ഇൻ സമയത്ത് മുൻകൂർ ഹോട്ടൽ റിസർവേഷൻ സംബന്ധിച്ച രേഖകൾ കാണിക്കേണ്ടതില്ലെന്ന് സർക്കുലറിൽ പറയുന്നു. ക്വാറൻറീൻ സംബന്ധിച്ച മറ്റു നിർദേശങ്ങളിൽ മാറ്റമില്ല.
അതിനിടെ, മസ്കത്ത് മേഖലയിലെ ചെറിയ നിരക്കുള്ള ഹോട്ടലുകളും ഹോട്ടൽ അപ്പാർട്മെൻറുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. സുഹൃത്തുക്കൾക്ക് ഒമാനിലേക്ക് വരുന്നതിനായി ഹോട്ടൽ ബുക്കിങ് തേടിയെങ്കിലും 25ാം തീയതി വരെ മുറികൾ ഒഴിവില്ലെന്നാണ് വിവിധ ഹോട്ടലുകളിൽനിന്ന് പറഞ്ഞതെന്ന് മസ്കത്തിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി പറഞ്ഞു. ഒമാനിലേക്ക് വരുന്നവർക്കു പുറമെ സൗദിയിലേക്ക് പോകുന്നതിനായും നിരവധി പേർ ഒമാനിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.