ആരോഗ്യമേഖലയിലെ സഹകരണം ചർച്ച ചെയ്ത് ഇന്ത്യ-ഒമാൻ ബിസിനസ് മീറ്റ്
text_fieldsമസ്കത്ത്: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പങ്കെടുക്കുന്ന 26 ഇന്ത്യൻ ആശുപത്രി പ്രതിനിധികൾ സംബന്ധിച്ചു. ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് ഖാലിദ് സദ്ജലി ചടങ്ങിൽ മുഖ്യാതിഥിയായി.
ഖൗല ഹോസ്പിറ്റൽ ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ അലവി, കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിലെ എസ്.ക്യൂ.യു മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. ഖാലിദ് അൽ റസാദി വിശിഷ്ടാതിഥികളായി പങ്കെടുത്തു.
മസ്കത്തിലെ എല്ലാ പ്രധാന ആശുപത്രികളിൽ നിന്നുമുള്ള നിരവധി മുതിർന്ന ഡോക്ടർമാരും മെഡിക്കൽ പ്രഫഷനലുകളും പങ്കെടുത്തു. മെഡിക്കൽ ടൂറിസം വികസിപ്പിക്കുന്നതിനെക്കുറിച്ചും ചെലവ് കുറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സയിൽ ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചയായി. ഇരു രാജ്യങ്ങളിലെയും ആരോഗ്യ പരിപാലന വ്യവസായങ്ങൾ തമ്മിലെ മൂല്യവത്തായ കൈമാറ്റത്തിനും പരിപാടി വേദിയായി. മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ആരോഗ്യ സംരക്ഷണ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ പരിപാടിയെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് അഭപ്രായപ്പെട്ടു.
ചികിത്സക്കായി ആഗോളതലത്തിൽ ഒമാനടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ആളുകൾ തെഞ്ഞെടുക്കുന്ന സ്ഥലമായി ഇന്ത്യ മാറിയിട്ടുണ്ട്. ലോകോത്തര നിലവാരവും കുറഞ്ഞ ചെലവുമാണ് ആളുകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. വൈദഗ്ധ്യമുള്ള പ്രഫഷണലുകൾ, ഹ്രസ്വ കാത്തിരിപ്പ് സമയം, മെഡിക്കൽ ടൂറിസ്റ്റുകൾക്കുള്ള ലളിതമായ വിസ നടപടിക്രമങ്ങൾ എന്നിവയെല്ലാം ഒമാനി പൗരന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതാണ്. ഹെൽത്ത് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ കഴിഞ്ഞ ദിവസം അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.