പ്രവാസി ഐ.ഡി കാര്‍ഡ് ഇൻഷുറന്‍സ് തുക വിതരണം ചെയ്തു
text_fieldsമസ്കത്ത്: വിദേശത്ത് വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിെൻറ കുടുംബത്തിന് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനില്‍ കിരണിന്റെ കുടുംബത്തിന് വേണ്ടി പിതാവ് ശിവദാസന്‍ നാലു ലക്ഷം രൂപയുടെ ചെക്ക് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരിയില്‍നിന്ന് ഏറ്റുവാങ്ങി. 2021 സെപ്റ്റംബറില്‍ ഒമാനിലെ നിസ്വയിലുണ്ടായ അപകടത്തിലാണ് കിരണ്‍ മരിച്ചത്.
2021-2022 സാമ്പത്തിക വര്‍ഷത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് വഴി 18 പേര്‍ക്കായി 36.20 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തിട്ടുണ്ട്. അപകട മരണത്തിന് നാലു ലക്ഷവും അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപ വരെയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷം രൂപയായിരുന്ന മരണാനന്തര പരിരക്ഷ 2021 ഏപ്രില്‍ മുതലാണ് നാലു ലക്ഷമായി ഉയര്‍ത്തിയത്.
മൂന്നു വര്‍ഷമാണ് ഐ.ഡി കാര്‍ഡിന്റെ കാലാവധി. 18-70 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അംഗമാകാവുന്നതാണ്. അംഗമാകുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് അപേക്ഷാഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. 0091 880 20 12345 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ സര്‍വിസും ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.