വിവിധ വികസന പദ്ധതികൾ: മുഖം മാറ്റത്തിനൊരുങ്ങി മത്ര കോർണിഷ്
text_fieldsമസ്കത്ത്: മത്ര കോർണീഷിന്റെ മുഖം മാറ്റുന്ന നിരവധി പദ്ധതികളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മത്ര കോർണീഷിനെ കുടുതൽ ആകർഷണീയമാക്കാൻ നിരവധി പദ്ധതികളാണ് അധികൃതരുടെ മുന്നിലുള്ളത്.
അടുത്തിടെ നടപ്പാക്കിയ കേബ്ൾ കാർ പദ്ധതി, വീണ്ടും പ്രവർത്തനം ആരംഭിച്ച മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ എന്നിവ കോർണിഷിന്റെ സൗന്ദര്യം വർധിപ്പിക്കുന്ന പദ്ധതികളാണ്.
മത്ര സൂഖിന്റെ ദൃശ്യവത്ക്കരണം, സുൽത്താൻ ഖാബൂസ് തുറമുഖത്ത് കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള പദ്ധതികൾ എന്നിവ അധികൃതരുടെ പരിഗണയിലുണ്ട്.
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഒന്നാം പരിഗണനയിലുള്ള സ്ഥലങ്ങളാണ് മത്ര കോർണീഷും മത്ര സൂഖും. മത്ര കോർണീഷിന്റെ മനോഹരമായ നിർമിതിയും കടൽക്കാറ്റേറ്റ് നടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. മത്ര മത്സ്യ മാർക്കറ്റും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.
നിരവധി വിനോദ സഞ്ചാരികൾ മത്സ്യ മാർക്കറ്റിലും എത്തുന്നുണ്ട്. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് മത്രയിലെ പരമ്പരാഗത സൂഖ്. സുഖിന്റെ ഘടനയും സൂഖിൽ വിൽപന നടത്തുന്ന പരമ്പരാഗത ഉൽപന്നങ്ങളും വിനോദ സഞ്ചാരികളുടെ മനംകവരുന്നതാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തനം നിലച്ചു കിടക്കുകയായിരുന്ന മ്യൂസിക്കൽ ഫൗണ്ടൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത് ദേശീയ ദിനത്തോടനുബന്ധിച്ചാണ്. മ്യൂസിക്കിനനസരിച്ച് വിവിധ വർണങ്ങളിൽ നൃത്തം വെക്കുന്ന ഈ ഫൗണ്ടൻ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നുണ്ട്. സംഗീതവും ബഹുവർണ വാട്ടർ -ഫൗണ്ടനുമായി നില കൊള്ളുന്ന മ്യൂസിക്കൽ ഫൗണ്ടൻ കോർണീഷിന് ഉത്സവ അന്തരീക്ഷമാണ് സമ്മാനിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച കേബ്ൾ കാറും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. മൂന്ന് സ്റ്റേഷനുകളാണ് കേബ്ൾ കാറിനുണ്ടാവുക. മത്ര മത്സ്യ മാർക്കറ്റിന് സമീപത്തുനിന്നാണ് കേബ്ൾ കാർ ഓടിത്തുടങ്ങുന്നത്. പിന്നീട് അൽ റിയാം പാർക്കിൽ നിർത്തുകയും കൽബൂ പാർക്കിൽ അവസാനിക്കുകയും ചെയ്യും. ഇതിൽ കയറുന്നവർക്ക് ലോകോത്തര നിലവാരത്തിലുള്ള അനുഭവമാണ് ഉണ്ടായിരിക്കുക. മഡിലീസ്റ്റിൽ കടലിനുമുകളിലൂടെ പോവുന്ന ഏറ്റവും ദൈർഘ്യമേറിയ കേബ്ൾ കാർ പദ്ധതിയാകുമിത്.
അസ്യാദ് ഗ്രൂപ്പൂമായി സഹകരിച്ച് സുൽത്താൻ ഖാബൂസ് തുറമുഖത്തിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയും ഗതാഗത വാർത്തവിനിമയ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിദേശ നിക്ഷേപം ഇവിടേക്ക് ആകർഷിക്കാനുള്ള പദ്ധതികളുടെ സാധ്യത പഠനവും നടക്കുന്നുണ്ട്. കൂടാതെ പ്രമുഖ വാസ്തു കലാ വിദഗ്ധർ രൂപകൽപന നൽകിയ മത്ര സ്ക്വയറും വിനോദ സഞ്ചാരികൾക്ക് പുതിയ ആകർഷകമാവും. കൂടാതെ മത്ര കോർണീഷിന്റെയും പരിസരങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പുതിയ നടപ്പാലവും നിർമിക്കുന്നുണ്ട്. കൂടാതെ മത്ര സൂഖിന്റെ ദൃശ്യവത്കരിക്കുന്നതടക്കം നിരവധി മറ്റു പദ്ധതികളും മുനിസിപ്പാലിറ്റിയുടെ പദ്ധതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.