ഒമാനിലെ ഇന്ത്യക്കാരുടെ ചരിത്രവഴികൾ രേഖപ്പെടുത്തി ഡിജിറ്റലൈസേഷൻ
text_fieldsമസ്കത്ത്: വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തി ഡിജിറ്റലൈസേഷൻ പദ്ധതിക്ക് മസ്കത്തിൽ സമാപനമായി. ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ ചരിത്രരേഖകൾ ആർക്കൈവ് ചെയ്യുന്നതിനായി എൻ.എ.ഐ മസ്കത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ചായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. പ്രവാസികളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമുള്ള നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ വിദേശ പദ്ധതിയായിരുന്നു ഇത്.
‘ഒമാൻ ശേഖരം: ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആർക്കൈവൽ ഹെറിറ്റേജ്’ എന്നപേരിൽ പ്രത്യേക ഡിജിറ്റലൈസേഷനും വാക്കാലുള്ള ചരിത്രസംഭവങ്ങളുടെ രേഖപ്പെടുത്തലും മേയ് 19 മുതൽ 27 വരെ മസ്കത്തിലെ ഇന്ത്യൻ എംബസി പരിസരത്തായിരുന്ന നടന്നത്. ഇന്ത്യയിലെ ഗുജറാത്തിൽനിന്നുള്ള 32 പ്രമുഖ ഇന്ത്യൻ കുടുംബങ്ങൾ ആവേശകരമായി പരിപാടിയിൽ പങ്കെടുത്തു. ഇവരിൽ പലരും തലമുറകളായി 250 വർഷത്തിലേറെയായി ഒമാനിൽ താമസിച്ചു വരുന്നവരാണ്.
ആദ്യകാലത്തെ ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരങ്ങളിൽനിന്നുള്ള ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7000ലധികം രേഖകൾ ഈ പദ്ധതിക്ക് കീഴിൽ സ്കാൻ ചെയ്ത് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് 1838 മുതലുള്ളതാണ്.
എന്നാൽ ഭൂരിഭാഗവും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ളവയാണ്.
വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, കത്തിടപാടുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങി സുൽത്താനേറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും കൗതുകകരമായ വെളിച്ചം വീശുന്ന വിവിധ രേഖകളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളവയിലുള്ളത്. സുൽത്താനേറ്റിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ സാംസ്കാരിക സമ്പ്രദായങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, വ്യാപാരം, വാണിജ്യം, ഒമാനി സമൂഹത്തിലേക്കുള്ള അവരുടെ സംഭാവനകൾ, സംയോജനം, വിദേശത്തുള്ള ഇന്ത്യൻ പാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള ചരിത്രത്തിന്റെ വിവരണം ഈ രേഖകളിൽ കാണാൻ കഴിയും.
ഡിജിറ്റലൈസ് ചെയ്ത രേഖകൾ ആർക്കൈവ് ചെയ്ത് എൻ.എ.ഐയുടെ ഡിജിറ്റൽ പോർട്ടലായ ‘അഭിലേഖ് പതലിൽ’ അപ്ലോഡ് ചെയ്യും. ഈ രേഖകൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യും.
ചരിത്രരേഖകളുടെ ഡിജിറ്റലൈസേഷനു പുറമെ, ഇന്ത്യൻ കമ്യൂണിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ വാക്കാലുള്ള ചരിത്രങ്ങളുടെ റെക്കോഡിങ്ങും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഇത് നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വാക്കാലുള്ള ചരിത്ര പദ്ധതിയാണ്. നേരിട്ടുള്ള വിവരണങ്ങൾ, വ്യക്തിഗത സംഭവവികാസങ്ങൾ, കുടിയേറ്റ അനുഭവങ്ങൾ, ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ പതിറ്റാണ്ടുകളായി പരിണാമം എന്നിവയുൾപ്പെടെ നിരവധി കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇതാദ്യമായാണ് വിദേശത്തുനിന്ന് പ്രവാസി രേഖകളുടെ സ്വകാര്യ ആർക്കൈവുകൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതെന്ന് നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (എൻ.എ.ഐ) ഡയറക്ടർ ജനറൽ അരുൺ സിംഗാൾ പറഞ്ഞു. ഇത് എൻ.എ.ഐയുടെ ചരിത്രപരമായ നാഴികക്കല്ലും വൈവിധ്യമാർന്ന വിദേശ ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകവും വിവരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പും അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി ഈ പദ്ധതി യോജിക്കുന്നുണ്ടെന്ന് സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് അഭിപ്രായപ്പെട്ടു.
നിലവിൽ ഒമാനിൽ ഏകദേശം 7,00,000 ഇന്ത്യക്കാരാണുള്ളത്. ഇന്ത്യയും ഒമാനും 5000 വർഷം പഴക്കമുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ സമ്പന്നമായ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്.
മാണ്ഡവി, സൂറത്ത്, ഗുജറാത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നടക്കമുള്ള നിരവധി വ്യാപാരി കുടുംബങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സൂർ, മത്ര, മസ്കത്ത് എന്നിവിടങ്ങളിൽ താമസിച്ചു വരുന്നുണ്ട്.
അവർ ഒമാനി സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്, പലരും ഒമാനി പൗരന്മാരായി. മാത്രമല്ല മാതൃരാജ്യമായ ഇന്ത്യയുമായി ശക്തമായ ബന്ധം അവർ നിലനിർത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.