ഡോ. മുഹമ്മദ് അഷ്റഫ് ജന്മനാട്ടിലേക്ക് മടങ്ങുന്നു; 25 വർഷത്തിന് ശേഷം
text_fieldsമസ്കത്ത്: 25 വർഷത്തെ നല്ല ഒാർമകളുമായി തൃശൂർ തളിക്കുളം സ്വദേശി ഡോ. മുഹമ്മദ് അഷ്റഫ് ജന്മനാട്ടിലേക്ക് മടങ്ങുന്നു. ഒമാനികളുടെ ജനകീയ ഡോക്ടർ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഇദ്ദേഹം ഇൗമാസം 17നുള്ള വിമാനത്തിലാണ് കുടുംബസമേതം മടങ്ങുന്നത്.
തളിക്കുളത്ത് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിലേക്ക് സെലക്ഷൻ കിട്ടുന്നത്. 1995 ജൂലൈയിൽ ഒമാനിലെത്തിയ ഡോക്ടർ തെൻറ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലാണ്. 2004 വരെ കാലയളവിൽ ശർഖിയ മേഖലയിലെ എല്ലാ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും സേവനം ചെയ്തിട്ടുണ്ട്. ഇബ്രയിൽനിന്ന് 100 കി.മീറ്റർ അകലെയുള്ള മലയടിവാരമായ വാദി ദിമയിലെ ജീവിതം മറക്കാനാവാത്ത ഒന്നാണെന്ന് ഡോക്ടർ പറയുന്നു.
ടാർ ചെയ്യാത്ത റോഡിലൂടെ യാത്ര ചെയ്താണ് ഇങ്ങോട്ട് എത്താൻ സാധിക്കുക. ഒമാനി ഗ്രാമീണരുടെ ആതിഥ്യ മര്യാദയും സ്നേഹവുമെല്ലാം ഒരിക്കലും മനസ്സിൽനിന്ന് മായില്ലെന്ന് ഡോക്ടർ പറയുന്നു. ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സമയത്ത് അവിടത്തെ എല്ലാ ചടങ്ങുകൾക്കും ക്ഷണം കിട്ടുക പതിവാണ്. ആരോഗ്യരംഗത്തെ ഒമാെൻറ കുതിപ്പ് ശരിക്കും മനസ്സിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇക്കാലയളവിൽ സാധിച്ചു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകൾ ചിട്ടയോടെയാണ് ഒമാൻ നടപ്പാക്കിയത്. ഗ്രാമത്തിലെ ഓരോ ജനനവും പ്രതിരോധ കുത്തിവെപ്പുകളും വളർച്ചയുടെ ഘട്ടങ്ങളും പ്രത്യേകം രേഖപ്പെടുത്താൻ സംവിധാനങ്ങളുണ്ടാകും. വാക്സിനേഷൻ വിവരങ്ങൾ ഒാരോ കുടുംബത്തെയും അറിയിക്കുകയും ഒാർമപ്പെടുത്തുകയും ചെയ്യും.
സെൻററിലേക്ക് വരാത്തവർക്ക് വീടുകളിൽ പോയി വാക്സിൻ നൽകും. എന്നിട്ടും വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്നവരെ പൊലീസിെൻറ സഹായത്തോടെ വാക്സിൻ എടുപ്പിക്കും. ചിട്ടയോടെയുള്ള ഇൗ പ്രവർത്തനങ്ങളാൽ 1996ൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ മുൻനിരയിൽ എത്തി.
2004ൽ ഖൗല ആശുപത്രിയിലേക്ക് മാറിയ ഡോക്ടർ അഷ്റഫ് 2014ൽ ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിരമിച്ചു. തുടർന്ന് റോയൽ ഒമാൻ പൊലീസിന് കീഴിൽ സമാഇൗലിലുള്ള ജയിൽ ആശുപത്രിയിലേക്ക് മാറി. തുടർന്നുള്ള ആറുവർഷവും അവിടെയായിരുന്നു. മലയാളികളടക്കമുള്ള തടവുകാരുമായുള്ള ഇടപെടൽ മറക്കാനാകാത്ത അനുഭവമായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ പരിധിയിൽനിന്നുകൊണ്ട് അവർക്കായി സഹായങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ടായിരുന്നു. ഒമാനിലേക്ക് വന്നപ്പോൾ ഇവിടെ ഇത്രയുനാൾ നിൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. സ്വസ്ഥവും സമാധാനവുമായ അന്തരീക്ഷവും സ്നേഹം നിറഞ്ഞ ജനതയുമാണ് പ്രവാസജീവിതം നീളാൻ കാരണമായത്. എല്ലാ പ്രവർത്തനങ്ങൾക്കും പ്രചോദനമായി ഭാര്യ ജസീല കൂടെയുണ്ട്.
ഡോ. അൻസൽ അഷ്റഫ് (കേരള ഹെൽത്ത് സർവിസ് പറവൂർ), അഫ്സൽ അഷ്റഫ് (എൻജിനീയർ, സീമൻസ് എനർജി ഖത്തർ), ഡോ. അജ്മൽ അഷ്റഫ് - (ലിവർപൂൾ, യു.കെ) എന്നിവരാണ് മക്കൾ. മരുമക്കൾ ഡോ. സനീറ അൻസൽ, ഡോ. ദഫ്ന അഫ്സൽ, ഡോ. അമീന അജ്മൽ. എറണാകുളം വാഴക്കാലയിലാണ് ഇപ്പോൾ താമസിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മകളുമായി ചേർന്നുപ്രവർത്തിക്കാനുള്ള ഒരുക്കങ്ങളുമായാണ് ഇദ്ദേഹത്തിെൻറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.