ഡ്രൈവിങ് ലൈസൻസ്: സ്ത്രീകളുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: രാജ്യത്ത് ഡ്രൈവിങ് ലൈസൻസുകൾ നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയെന്ന് കണക്കുകൾ. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നൽകിയ ആകെ ലൈസൻസുകളുടെ എണ്ണം 3,39,000 ആണ്. ഇതിൽ 48.2 ശതമാനം ലൈസൻസുകളും നേടിയത് സ്ത്രീകളാണെന്ന് കണക്കുകൾ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡ്രൈവിങ് ലൈസൻസ് തേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് മുതിർന്ന റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക ന്യൂസ്പോർട്ടലിനോട് പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയർച്ചയാണ് ലൈസൻസ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഓരോ വർഷവും ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയാണുണ്ടായിരിക്കുന്നതെന്ന് അഞ്ചു വർഷമായി സീബിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന ഹുദ അൽ ഹാഷ്മി പറഞ്ഞു. സ്വന്തമായി വാഹനം ഓടിച്ച് ജോലിക്കും ഷോപ്പിങ്ങിനും പോകുന്നത് കൂടുതൽ സുരക്ഷിതത്വം നൽകുന്നുവെന്നാണ് പലരും പറയുന്നത്.
സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കുന്നുണ്ട്.
ഓരോ മണിക്കൂറിലും രാജ്യത്ത് 13 പുതിയ ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നുണ്ടെന്നാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.