വിത്ത് വിതക്കാൻ ഇനി ഡ്രോണുകളും
text_fieldsമസ്കത്ത്: പത്ത് ദശലക്ഷം തൈകൾ നട്ടുപിടിപ്പിക്കുന്നതിെൻറ ഭാഗമായി പരിസ്ഥിതി അതോറിറ്റി ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതക്കാനുള്ള ശ്രമം നടത്തി. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദ്യ വിലായത്തിലായിരുന്നു പരീക്ഷണം.
ബിദ്യയിലെ വാലി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ സഈദി, പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ രാജ്യത്തെ മൂന്നാമത്തെ പരീക്ഷണമായിരുന്നു ഇത്. ആദ്യത്തേത് ദോഫാറിലും രണ്ടാമത്തേത് വുസ്തയിലെ വെറ്റ്ലാൻഡ് റിസർവിലെ ഖോറിലുമായിരുന്നു ഡ്രോണുകൾ ഉപയോഗിച്ച് വിത്ത് വ്യാപിപ്പിക്കുന്ന പരീക്ഷണം നടത്തിയതെന്ന് പരിസ്ഥിതി അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിസ്ഥിതി മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് വിവിധ ഗവർണറേറ്റുകളിലൂടെ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായി (പി.ഡി.ഒ) സഹകരിച്ച് അൽ വുസ്ത ഗവർണറേറ്റിലെ മഹൗട്ട് വിലായത്തിലെ വെറ്റ്ലാൻഡ് റിസർവിൽ ഒരുദശലക്ഷം കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയിരുന്നു. 2020ൽ വിവിധ തീരപ്രദേശങ്ങളിൽ 6,500 കണ്ടൽച്ചെടികൾ വകുപ്പിെൻറ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു.
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കടൽത്തീരങ്ങളെ മണ്ണൊലിപ്പിൽ തടയുന്നതിനും കണ്ടൽക്കാടുകൾ പ്രാധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ദാഹിറ ഗവർണറേറ്റിൽ കഴിഞ്ഞ വർഷം 7,600 തൈകളാണ് നട്ടുപിടിപ്പിച്ചത്.
സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും മറ്റും സഹകരിച്ച് ഈ വർഷം 40,000 മരങ്ങൾ ദഹിറയിൽ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദാഹിറ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ഹമദ് ബിൻ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.