കടലിൽ മുങ്ങിമരണം വീണ്ടും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
text_fieldsമസ്കത്ത്: സീബ് വിലായത്തിലെ കടലിൽ ഒരു വിദേശി കൂടി മുങ്ങിമരിച്ചു. കടലിൽ നീന്താനിറങ്ങിയ സുഡാൻ സ്വദേശിയാണ് മുങ്ങിമരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഒമാൻ കടലിൽ ശക്തമായ അടിയൊഴുക്കുകൾ ഉള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും എല്ലാ വിധത്തിലുമുള്ള മുൻ കരുതലുകൾ എടുക്കണമെന്നും റോയൽ ഒമാൻ പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. ഒമാനിലെ ശാത്തി അൽ ഖുറം, സീബ് തുടങ്ങിയ കടലുകളിൽ നിരവധി പേർ കുളിക്കാനും നീന്താനും ഇറങ്ങാറുണ്ട്. ഏറെദൂരം ആഴം കുറഞ്ഞതും തിരമാലകൾ ഇല്ലാത്തതുമായ കടലായതിനാൽതന്നെ സ്ത്രീകളടക്കം നിരവധി പേരാണ് കടലിൽ നീന്താനും കുളിക്കാനും ഇറങ്ങുന്നത്. എന്നാൽ കടലിൽ പെട്ടെന്ന് അടിയൊഴുക്കുകൾ വരുന്നത് അപകടത്തിലേക്ക് നയിക്കും.
കഴിഞ്ഞ ആഴ്ച സീബിലെ അൽ സഫിനാത്ത് ഏരിയയിൽ ഒരാൾ മുങ്ങിമരിക്കുകയും നാലു പേർ ഒഴുക്കിൽപ്പെടുകയും ചെയ്തിരുന്നു. ഒഴുക്കിൽപ്പെട്ട നാലു പേരെയും റസ്ക്യൂ ടീം രക്ഷപ്പെടുത്തുകയായിരുന്നു. ഈ കടലുകളിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. മുമ്പും നിരവധി പേർ സീബ്, ശാത്തി ഖുറം തുടങ്ങിയ കടലുകളിൽ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 27ന് ശാത്തി അൽ ഖുറത്തിൽ ഒരാൾ മുങ്ങി മരിക്കുകയും ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
അപകടങ്ങൾ തുടർക്കഥയായതോടെ ഇൗ കടൽ തീരങ്ങളിൽ അധികൃതർ രക്ഷാ ടീമിനെ നിയോഗിച്ചിരുന്നു. ഇവരുടെ സമയോചിതമായ ഇടപെടലാണ് മരണ നിരക്കുകൾ കുറക്കുന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാൽ, ഇതൊക്കെയുണ്ടായിരുന്നാലും അപകടങ്ങൾ സംഭവിക്കുന്നുമുണ്ട്. ഏറെ ശാന്തമായ കടൽ തിരമായതിനാൽ നിരവധി പേരാണ് ഇവിടെ ഒഴിവ് സമയം ചെലവഴിക്കാനെത്തുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ തിരക്ക് വർധിക്കും. ഈ തീരങ്ങളിൽ ഓടാനും നടക്കാനും മറ്റ് വ്യായാമത്തിനും എത്തുന്നവരും നിരവധിയാണ്. പൊതുഅവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കടലിന്റെ ശാസ്ത്രം പരിചയമില്ലാത്തവർ കരയിൽ നിന്ന് ഏറെ ദൂരം ഉൾക്കടൽ ഭാഗത്തേക്ക് നീന്തി പോവുകയും ചെയ്യും. സാധാരണ ഗതിയിൽ ഇത് അപകടകരമല്ലെങ്കിലും വേലിയേറ്റമുണ്ടാവുമ്പോൾ പെട്ടന്ന് കരയിലേക്ക് നീന്തിയെത്താൻ കഴിയാതെ വരും. അതോടൊപ്പം അടിയൊഴുക്ക് കൂടി ശക്തിപ്പെടുമ്പോൾ അപകടത്തിൽപ്പെടുകയാണ് പതിവ്. അതിനാൽ കടലിൽ ഇറങ്ങുന്നവർ ലൈഫ് ജാക്കറ്റ് അടക്കം ധരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്. ഏതായാലും അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ നടപടികൾ ശക്തമാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.