ഒമാനിൽ മുങ്ങിമരണം വർധിക്കുന്നു -ആരോഗ്യ മന്ത്രി
text_fieldsമസ്കത്ത്: ഒമാനിൽ മുങ്ങിമരണക്കേസുകൾ വർധിക്കുന്നതായും ഇതിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഒമാൻ ആരോഗ്യമന്ത്രി അഹമദ് അൽ സഈദി. മരണനിരക്കിൽ ലോകരാജ്യങ്ങളിൽ മൂന്നാമത്തെ കാരണമാണ് മുങ്ങിമരണമെന്നും അദ്ദേഹം പറഞ്ഞു.
മരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും അഞ്ചു വയസ്സിൽ താഴെയുള്ളവരാണ്. മുങ്ങിമരണങ്ങൾ വർധിക്കുന്നത് പേടിപ്പെടുത്തുന്നതും ദുഃഖകരവുമാണ്. ഇതുസംബന്ധമായ ബോധവത്കരണം അപകടസാധ്യതയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. ആരോഗ്യപ്രവർത്തകർക്കും മറ്റും മേഖലയിലുള്ളവർക്കും മുങ്ങൽ സംഭവിച്ചാൽ നൽകേണ്ട പ്രഥമശുശ്രൂഷയിലും ശ്വാസതടസ്സം ഒഴിവാക്കാനുള്ള മാർഗങ്ങളിലും പരിശീലനം നൽകുകയും വേണം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തും സ്വിമ്മിങ് പൂളുകൾക്കു സമീപവും സൂചനബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതൽ രണ്ടു വർഷം നീളുന്ന ആരോഗ്യ കാമ്പയിൽ ഒമാൻ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളിൽ ബോധവത്കരണം തുടരുകയായിരുന്നു കാമ്പയിന്‍റെ ലക്ഷ്യം. മുങ്ങിമരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ദാഖിലിയ്യ ഗവർണറേറ്റിലാണ്. ഈ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇതിനു പ്രധാന കാരണം.
ഈ മേഖലയിലെ നിരവധി നീരൊഴുക്കുകൾ, കുളങ്ങൾ, മഴയും മഴവെള്ളം കെട്ടിനിൽക്കലും അടക്കം നിരവധി കാരണങ്ങൾ മുങ്ങി മരണം വർധിക്കാൻ കാരണമാകുന്നു. മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.