മുങ്ങിമരണങ്ങൾ വർധിക്കുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞവർഷം രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി 521 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2020മായി താരതമ്യം ചെയ്യുമ്പോൾ 44.3 ശതമാനം വർധനവാണുണ്ടയിരിക്കുന്നത്.
361 മരണങ്ങളായിരുന്നു 2020ൽ രാജ്യത്തുണ്ടായിരുന്നതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) കണക്കുകൾ പറയുന്നു. മുങ്ങിമരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 521 കേസുകളാണ് സി.ഡി.എ.എ കൈാര്യം ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നീന്തലിന് വൈദഗ്ധ്യവും ജാഗ്രതയും അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളില്ലാതെ നീന്താൻ മുതിരരുത്. കുട്ടികളുടെ കാര്യത്തിൽ മേൽനോട്ടം വേണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 2016ൽ 268, 2017ൽ 173, 2018ൽ 155, 2019ൽ 369 എന്നിങ്ങനെയാണ് രാജ്യത്ത് മുൻവർഷങ്ങളിൽ മുങ്ങിമരണങ്ങളുടെ നിരക്കെന്ന് സി.ഡി.എ.എ കണക്കുകൾ സൂചിപ്പിക്കുന്നു.
നീന്തുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രതയും സുരക്ഷമാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്ന് സി.ഡി.എ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹസിക യാത്രകൾക്കും വാദികളിൽ നീന്താനും പോകുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കുകയും മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. നീന്തൽ അടക്കമുള്ള യാത്രപോകാൻ ഉദ്ദേശിക്കുന്നവർ മികച്ച സുരക്ഷ ഉപകരണങ്ങൾ നൽകുന്ന ടൂറിസം കമ്പനികളെ ആശ്രയിക്കണം. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ മാതാപിതാക്കൾ തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലെ സേവനങ്ങൾക്കായി 24343666, 9999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മുൻകരുതൽ എടുക്കാം...
കുട്ടികൾ നീന്തുകയാണെങ്കിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
അനുയോജ്യമായ സ്ഥലങ്ങളിൽ മാത്രം നീന്തുക
വാദി മുറിച്ചുകടക്കുമ്പോൾ വെള്ളത്തിന്‍റെ ഒഴുക്ക് പരിശോധിക്കുക
ജലാശയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് നീന്താൻ കഴിയുന്ന സ്ഥലമാണെന്ന് ഉറപ്പുവരുത്തുക
ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ നീന്തൽ ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.