മുങ്ങിമരണങ്ങൾ വർധിക്കുന്നു; വേണം മുൻകരുതൽ
text_fieldsമസ്കത്ത്: ഒമാനിൽ അടുത്തകാലങ്ങളിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വാദികൾ അശ്രദ്ധമായി മുറിച്ചുകടക്കൽ, ജലാശയങ്ങളിലും കടൽത്തീരങ്ങളിലും നീന്തുമ്പോൾ മുൻകരുതലെടുക്കാതിരിക്കുക, രക്ഷിതാക്കളുടെ ശ്രദ്ധയില്ലാതെ കുട്ടികൾ നീന്തൽക്കുളങ്ങളിലോ വെള്ളക്കെട്ടുകളിലോ ചെലവഴിക്കുക തുടങ്ങിയവ മുങ്ങിമരണത്തിന് ഇടയാക്കുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ചൂണ്ടിക്കാട്ടുന്നു. ഒമാനിലെ ആകെ മരണങ്ങളുടെ 1.42 ശതമാനം മുങ്ങിമരണത്തിലൂടെയാണെന്ന് ലോക മുങ്ങിമരണം തടയൽ ദിനത്തിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരുവർഷത്തിൽ ശരാശരി 400 മുങ്ങിമരണങ്ങൾ മഴക്കാലത്ത് റിപ്പോർട്ട് ചെയ്തതായാണ് സി.ഡി.എ.എയുടെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.
കുട്ടികളുടെ മുങ്ങിമരണങ്ങൾ കൂടി കണക്കിലെടുത്താണ് സി.ഡി.എ.എ ഇപ്പോൾ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായ കനത്ത മഴയിൽ വിവിധ ഗവർണറേറ്റുകളിൽ കുട്ടികൾ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞദിവസം ബഹ്ലയിലെ അരുവിയിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ നാലുവയസ്സുകാരി മുങ്ങിമരിച്ചിരുന്നു. സലാലയിലെ മുഗ്സൈൽ ബീച്ചിൽ ഇന്ത്യക്കാരായ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടതും അടുത്തിടെയാണ്. ദിവസങ്ങൾക്ക് ശേഷം റോയൽ ഒമാൻ പൊലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളെ നിരീക്ഷിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ നീന്താൻ അനുവദിക്കരുതെന്നും സി.ഡി.എ.എ ആവശ്യപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ അശ്രദ്ധയും മേൽനോട്ടക്കുറവുമാണ് കുട്ടികളിലെ മുങ്ങിമരണത്തിന്റെ ഏറെയും കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുട്ടികളുടെ മുങ്ങിമരണങ്ങൾ തടയാൻ രാജ്യത്ത് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധാനംചെയ്യുന്ന മസ്കത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ അടുത്തിടെ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രാലയത്തിലെ ഫാമിലി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സയ്യിദ മഅനി അബ്ദുല്ല അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്മെന്റ്, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്വകാര്യ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് രാജ്യത്തെ ഗവർണറേറ്റുകളിൽ സബ് കമ്മിറ്റികൾക്ക് രൂപം നൽകിയിരിക്കുന്നത്.
സി.ഡി.എ.എ കഴിഞ്ഞ വർഷം നടത്തിയത് 521 രക്ഷാപ്രവർത്തനം
മസ്കത്ത്: കഴിഞ്ഞ വർഷം 521 മുങ്ങിമരണ അപകടങ്ങളിൽ വാട്ടർ റെസ്ക്യൂ ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. വാദികൾ, ഡാമുകൾ, കുളങ്ങൾ, അരുവികൾ, കിണറുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ടവരെയാണ് രക്ഷപ്പെടുത്തിയതെന്ന് താഖയിലെയും മിർബാത്തിലെയും സിവിൽ ഡിഫൻസ് സെൻട്രൽ ഓഫിസർ മേജർ ഫൈസൽ ബിൻ ഹമദ് ബൈത് ഫദൽ പറഞ്ഞു. കനത്ത മഴയിലാണ് കൂടുതൽ പേരും അപകടത്തിൽപ്പെട്ടത്. അപകട മുന്നറിയിപ്പുകൾ അവഗണിച്ച് വാദികളിലും ബീച്ചുകളിലും ഇറങ്ങിയവരാണ് കൂടുതലും അപകടത്തിൽപ്പെട്ടതെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച് കുത്തിയൊലിക്കുന്ന വാദികൾ മുറിച്ചുകടക്കുന്നത് ശിക്ഷാർഹമാണ്. കൂടുതൽ ജാഗ്രതയും കരുതലും വേണ്ട പ്രവൃത്തിയാണ് നീന്തൽ. ഇതിനായി മാറ്റിവെച്ച സ്ഥലങ്ങളിലല്ലാതെ നീന്താനിറങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഫാർ ഗവർണറേറ്റിലെ പല അരുവികളും ലൊക്കേഷൻ കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാണെന്നത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയിൽ കടലിൽ നീന്താനിറങ്ങുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും. പാറക്കൂട്ടങ്ങൾക്കിടയിൽപ്പെടുമ്പോഴും തിരമാലകൾ ശക്തമായി അടിക്കുമ്പോഴും അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ കഴിയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.