മയക്കുമരുന്ന് കടത്ത്: നടപടി ശക്തമാക്കി ആർ.ഒ.പി
text_fieldsമസ്കത്ത്: മയക്കുമരുന്നിനെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). കഴിഞ്ഞ നാലുമാസത്തിനിടെ 354 മയക്കുമരുന്ന് കടത്തുകാരേയും മറ്റുമാണ് പിടികൂടിയത്. കടത്തുകാരിൽനിന്നും നുഴഞ്ഞുകയറ്റക്കാരിൽനിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ 39ൽ അധികം പരിശോധനകളാണ് നടത്തിയത്. ലഹരി ഗുളികകൾ, ഹഷീഷ്, മോർഫിൻ, ഹെറോയിൻ, കറുപ്പ്, ഖാട്ട് എന്നിങ്ങനെയുള്ള മയക്കുമരുന്നുകളാണ് വിവിധ നുഴഞ്ഞുകയറ്റക്കാരിൽനിന്ന് ആർ.ഒ.പി പിടിച്ചെടുത്തത്. രാജ്യത്തേക്കുള്ള കടന്നുകയറ്റവും മയക്കുമരുന്ന് കടത്തും തമ്മിൽ ബന്ധമുണ്ടെന്നും ആർ.ഒ.പി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തരീതികളാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്കായി കടത്തുകാർ ഉപയോഗിക്കുന്നത്. കൂടുതലും മയക്കുമരുന്ന് കടത്തുന്നത് കടൽ വഴിയാണ്. അതേസമയം, കടൽവഴി മയക്കുമരുന്ന് അയക്കുന്ന അന്താരാഷ്ട്ര സംഘങ്ങളുമായി ചില കടത്തുകാർക്ക് ബന്ധമുള്ളതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഫോർ കോമ്പാറ്റിങ് ഡ്രഗ്സ് സൈക്കോട്രോപിക് സബ്സ്റ്റൻസ്, കോസ്റ്റ് ഗാർഡ് പൊലീസ്, സ്പെഷൽ ടാസ്‌ക് പൊലീസ്, പൊലീസ് കമാൻഡുകൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ നടത്തിയിരുന്നത്. വ്യോമ പിന്തുണ നൽകി റോയൽ എയർഫോഴ്‌സ് ഓഫ് ഒമാനും സഹകാരികളായി. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.