ഒമാൻ-സൗദി റോഡ് ഇരട്ടപാതയാക്കുന്നു
text_fieldsമസ്കത്ത്: ഒമാനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന എംറ്റി ക്വർട്ടർ വഴിയുള്ള റോഡ് ഇരട്ടപാതയാക്കും. പദ്ധതിയുടെ ഒന്നാംഘട്ട ടെൻഡർ ഗതാഗത, വാർത്തവിനിമയ, സാങ്കേതികവിദ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പാത സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ റോഡ് വഴി ജനങ്ങളും വാഹനങ്ങളും അതിർത്തി കടക്കാൻ തുടങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക, നിക്ഷേപ ബന്ധം തുടങ്ങിയവയെല്ലാം ഇരട്ടിച്ചതായി മന്ത്രാലയം പറഞ്ഞു.
ഏറെ കാലമായി നിർമാണം നടക്കുകയായിരുന്ന ഒമാൻ-സൗദി അറേബ്യ റോഡ് 2021 അവസാനമാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ദാഖിറ ഗവർണറേറ്റിലെ ഇബ്രി റൗണ്ട് എബൗട്ടിൽനിന്നാണ് ഒമാന്റെ സൗദി അതിർത്തിയിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. മൊത്തം 725 കിലോമീറ്ററാണ് റോഡ്. റൗണ്ട് എബൗട്ടിൽനിന്ന് എംറ്റി ക്വാർട്ടർ ചെക് പോയന്റിലേക്ക് 161 കിലോ മീറ്ററും ചെക് പോസ്റ്റിൽനിന്ന് അൽ ബത്ഹ ജങ്ഷൻ വരെ 564 കിലോമീറ്ററുമാണ് റോഡുള്ളത്.
ഒമാൻ ഭാഗത്തെ പാത ഇരട്ടിപ്പിക്കാനുള്ള നടപടിയാണ് ഒന്നാംഘട്ടത്തിലുള്ളത്. ദാഖിറ ഗവർണറേറ്റിലെ ഇബ്രി റൗണ്ട് എബൗട്ടിൽനിന്ന് തനാം റൗണ്ട് വരെയാണ് ഇരട്ടപാതയാക്കുന്നത്. റോഡിന്റെ ഇരു ഭാഗങ്ങളിലും പത്ത് കിലോമീറ്റർ സർവിസ് റോഡും നിർമിക്കുന്നുണ്ട്. നിലവിൽ എംറ്റി ക്വർട്ടർ റോഡ് പൂർണാർഥത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും യാത്രക്കാരും ചരക്കുകളും പ്രയാസരഹിതമായി സഞ്ചരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതുവഴി ദാഖിറ ഗവർണറേറ്റിൽ വിവിധ മുഖങ്ങളുള്ള ഇക്കണോമിക് സോണും നിർമിക്കുന്നുണ്ട്.
388 ചതുരശ്ര കിലോമീറ്റർ മേഖലയിലാണ് ദാഖിറ ഇക്കണോമിക് സോൺ നിർമിക്കാൻ പദ്ധതിയിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കരുത്തേകാൻ പദ്ധതി സഹായിക്കും. എംറ്റി ക്വാർട്ടർ ചെക് പോസ്റ്റിൽനിന്ന് 20 കിലോ മീറ്റർ മാത്രം അകലെയാണ് ഇക്കണോമിക് സോൺ. സൗദിയിലെ വൻ വിപണിയെ ലക്ഷ്യംവെച്ച് ഉൽപാദനം, ഖനനം, എണ്ണ, ഗതാഗതം, പുനരുപയോഗ ഊർജം തുടങ്ങിയ പദ്ധതികൾക്കാണ് ഇവിടെ നിക്ഷേപം ക്ഷണിക്കുക. ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണ മേഖലയിൽ കൈകോർക്കാൻ ഈ വർഷം ഫെബ്രുവരിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. 100 ദശലക്ഷം റിയാൽ വികസന പദ്ധതിക്കുള്ള പരസ്പര ധാരണയിലാണ് ഇരു രാജ്യങ്ങളും എത്തിയത്.
സൗദി അറേബ്യയിലേക്ക് പുതിയ റോഡുവഴി വളരെ എളുപ്പത്തിലെത്താൻ കഴിയുന്നതിനാൽ ഈ പാതയിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവരും ഈ റോഡ് വഴിയാണ് പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.