ദുബൈ എക്സ്പോ: സുവർണ തിളക്കത്തിൽ ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: ആഗോള വാണിജ്യമേളയായ ദുബൈ എക്സ്പോയിൽനിന്ന് ഒമാൻ സംഘം മടങ്ങുന്നത് സുവർണ തിളക്കവുമായി. മികച്ച ഉള്ളടക്കത്തിന് ഒമാൻ പവിലിയൻ സ്വർണമെഡൽ കരസ്ഥമാക്കി.
പ്രകൃതിയുമായുള്ള ബന്ധം വിളിച്ചോതുന്നതിനായി കുന്തിരിക്കം മാതൃകയിലായിരുന്നു പവിലിയന് നിര്‍മിച്ചിരുന്നത്. എട്ട് ദശലക്ഷത്തിലധികം ആളുകളാണ് പവിലിയനിൽ എത്തിയത്.
മഹാമാരി കാലത്തും ഇത്രയും ആളുകളെ എത്തിക്കാൻ കഴിഞ്ഞത് സുൽത്താനേറ്റിന്റെ നേട്ടമാണ്. മികച്ച മുന്നൊരുക്കവും ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളും സജ്ജീകരിച്ചതാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ എത്തിക്കാൻ കഴിഞ്ഞത്. ആധുനിക സാങ്കേതികവിദ്യകളും സൗണ്ട് മാനേജ്മെൻറും സംവിധാനവും ആളുകളെ ആകർഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നായിരുന്നു. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളാണ് ജനങ്ങളുടെ മുന്നിൽ പവിലിയനിലൂടെ എത്തിച്ചത്. രാജ്യത്തെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു.
വിശേഷ ദിവസങ്ങളിൽ പ്രത്യേക സെമിനാറുകളും സംവാദങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. അതത് വിഷയങ്ങളിൽ അവഗാഹം നേടിയ ആളുകളായിരുന്നു സെമിനാറുകളിലും സംവാദങ്ങളിലും പാനലിസ്റ്റുകളായി എത്തിയിരുന്നത്.
അതുകൊണ്ടുതന്നെ ഓരാ വിഷയങ്ങളിലും കൃത്യമായ വിവരങ്ങൾ പരിപാടികളിലൂടെ ആളുകൾക്ക് ലഭിച്ചു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരും എക്സ്പോയിൽ പങ്കെടുത്തിരുന്നു.
രാജ്യത്തെ തനത് ചെടികളും സസ്യങ്ങളുമായി അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ബൊട്ടാണിക് ഗാര്‍ഡനും പവിലിയനിലുണ്ടായിരുന്നു. കാറ്റിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒമാന്‍- യു.എ.ഇ സംയുക്ത പദ്ധതിയും പവിലിയനിലൂടെ ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യുകയുണ്ടായി. സുൽത്താനേറ്റിലെ ഹര്വീലിലാണ് ഈ പദ്ധതി. ദോഫാര്‍ വിന്‍ഡ് പവര്‍ പദ്ധതിയെന്ന പേരിലുള്ള ഈ സംരംഭം അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യ വന്‍കിട കാറ്റാടിയന്ത്ര പദ്ധതിയാണ്. അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി (മസ്ദര്‍)യും റൂറല്‍ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി ഓഫ് ഒമാനും (തന്‍വീര്‍) ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സന്ദര്‍ശകരെ എന്നും വിസ്മയിപ്പിക്കുന്ന ഒമാന്റെ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങളുടെ പ്രദർശനങ്ങളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. ശൈത്യകാലത്തെ തെക്കൻ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ മണലാരണ്യങ്ങളും വസന്തകാലത്തെ പച്ചപുതച്ച താഴ് വരകളുമെല്ലാമായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.