ദുകത്തെ എണ്ണക്കപ്പൽ അപകടം; ഒരു മരണം; എട്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഒമ്പത് ജീവനക്കാരെ രക്ഷിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പതുപേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍റർ അറിയിച്ചു. മരണപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷപ്പെടുത്തിയവരിൽ എട്ടുപേർ ഇന്ത്യക്കാരാണണെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാള്‍. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഒമാൻ അധികൃതരുമായി ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവും രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് തിങ്കളാഴ്ച എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപ്പെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.
അതേസമയം, കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽനിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. കപ്പലിന്‍റെ അവസ്ഥ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം ചോർച്ചക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതികരണ തന്ത്രങ്ങൾ തയാറാക്കുന്നതിനുമായി ബന്ധപ്പെട്ട സൈനിക, സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര യോഗം പരിസ്ഥിതി അതോറിറ്റി വിളിച്ച് ചേർത്തു. ചോർന്ന വസ്തുക്കൾ ഒമാനി തീരത്ത് എത്തുന്നതിനുമുമ്പ് ചിതറിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോർച്ചയടക്കമുള്ള ഏത് അടിയന്തര സഹാചര്യവും നേരിടുന്നതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.