ദുകം തീരത്തെ എണ്ണക്കപ്പൽ അപകടം; തിരച്ചിൽ-രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു
text_fieldsമസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽപെട്ടവർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻറർ അറിയിച്ചു. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കക്കാരനെയും രക്ഷപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരനായ ഒരാൾ മരിച്ചിരുന്നു. കാണാതായ മറ്റുള്ളവർക്കുവേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോൾ അവസാനിപ്പിച്ചത്.
ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽനിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് ജൂലൈ 15ന് എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യൻ നാവികസേനയുമായി ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ജൂലൈ 17നാണ് ആളുകളെ രക്ഷിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരുന്നു.
ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സുൽത്താനേറ്റിലെ ഇന്ത്യൻ എംബസി ഒമാനി അധികൃതരുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
കപ്പലിൽനിന്ന് വാതക ചോർച്ചയില്ലെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതികരണ തന്ത്രങ്ങൾ തയാറാക്കുന്നതിനുമായി ബന്ധപ്പെട്ട സൈനിക, സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര യോഗം പരിസ്ഥിതി അതോറിറ്റി വിളിച്ചു ചേർത്തിരുന്നു. അപകടത്തെത്തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾ പരിഹരിക്കുമെന്ന് ഒമാൻ അധികൃതർ പറഞ്ഞു.
തിരച്ചിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിച്ച സൈനിക, സുരക്ഷ ഏജൻസികൾ, സിവിൽ അധികാരികൾ, ഇന്ത്യൻ നാവികസേന എന്നിവർക്ക് മാരിടൈം സെക്യൂരിറ്റി സെന്റർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.