ദുകം റിഫൈനറി പദ്ധതിക്ക് ശിലയിട്ടു
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ റിഫൈനറി പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. ഒമാൻ ഒായിൽ കമ്പനിയുടെയും കുവൈത്ത് പെട്രോളിയം കോർപറേഷെൻറയും സംയുക്ത സംരംഭമായ അൽ ദുകം റിഫൈനറി പദ്ധതി ഏഴു ശതകോടി ഡോളർ ചെലവിട്ടാണ് നിർമിക്കുന്നത്. ദുകം തുറമുഖത്തിന് ശേഷമുള്ള അൽ വുസ്ത ഗവർണറേറ്റിലെ രണ്ടാമത്തെ വലിയ പദ്ധതിയാണ് ദുകം റിഫൈനറി. 2021ലാകും ഇതിെൻറ നിർമാണം പൂർത്തീകരിക്കുക.
പൈതൃക-സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിൻ താരീഖ് അൽ സൈദ് ശിലാസ്ഥാപനം നിർവഹിച്ചു. ഒമാൻ എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി, കുവൈത്ത് എണ്ണ-വൈദ്യുതി-ജലമന്ത്രി ബഖീത് ഷാബിബ് അൽ റാശിദി തുടങ്ങി പ്രമുഖർ ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിച്ചു.
ദുകം റിഫൈനറി കുവൈത്ത് പെട്രോളിയം കോർപറേഷെൻറ ഒമാനിലെ ആദ്യത്തെ പദ്ധതിയാണെന്ന് കുവൈത്ത് മന്ത്രി ബഖീത് അൽ റാശിദി പറഞ്ഞു. സമാനരീതിയിലുള്ള പദ്ധതികളുമായി കുവൈത്ത് ഭാവിയിലും സഹകരിക്കും. റിഫൈനറിയോടെയുള്ള ഇൻറഗ്രേറ്റഡ് പെട്രോകെമിക്കൽ കോംപ്ലക്സ് ആണ് ദുകമിൽ വിഭാവനം ചെയ്യുന്നത്.
ജി.സി.സി രാജ്യങ്ങളിൽ സമാന രീതിയിലുള്ള ഇൻറഗ്രേറ്റഡ് പദ്ധതികൾ ആരംഭിക്കുന്നതിന് കുവൈത്ത് എല്ലാവിധ പിന്തുണയും നൽകും. പദ്ധതിക്ക് ആവശ്യമായ ചെലവിൽ 4.8 ശതകോടി ഡോളർ അന്താരാഷ്ട്ര ബാങ്കുകളിൽനിന്നുള്ള വായ്പയായി ലഭിച്ചതായും മന്ത്രി പറഞ്ഞു. എണ്ണ വരുമാനം വർധിപ്പിക്കാനും ഒമാനിലേക്ക് നിക്ഷേപം ആകർഷിക്കാനുമുള്ള ഒമാൻ ഒായിൽ കമ്പനിയുടെ ശ്രമങ്ങളിൽ പ്രധാന നേട്ടമാണ് ദുകം റിഫൈനറി എന്ന് ശിലാസ്ഥാപനത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കവെ ഒമാൻ ഒായിൽ കമ്പനി സി.ഇ.ഒ എൻജിനീയർ ഇസ്സാം ബിൻ സൗദ് അൽ സദ്ജാലി പറഞ്ഞു. പദ്ധതിയുടെ 50 ശതമാനം ഒാഹരികളാണ് ഒമാൻ ഒായിൽ കമ്പനിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് ഏജൻസികളിൽനിന്നും വാണിജ്യ ബാങ്കുകളിൽനിന്നുമുള്ള വായ്പയായാണ് ഇൗ തുക തരപ്പെടുത്തിയത്.
റിഫൈനറി പ്രവർത്തനമാരംഭിക്കുന്നതോടെ സംസ്കരണത്തിന് ഉപയോഗിക്കുന്ന എണ്ണയിൽ 65 ശതമാനവും കുവൈത്തിൽനിന്നുള്ളതായിരിക്കും. പദ്ധതിയിൽ 900 മുതൽ ആയിരം വരെ നേരിട്ടുള്ള തൊഴിലവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിദിനം 2,30,000 ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുണ്ടാകും. ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ രണ്ടു ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ സംയുക്ത സംരംഭവുമാണ് റിഫൈനറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.