പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഇകെയർ പോർട്ടൽ
text_fieldsമസ്കത്ത്: വിദേശത്ത് മരിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായകമായി ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇ-ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമെയ്ൻസ് (E-CARE) പോർട്ടൽ ആരംഭിച്ചു. https:/ /ecare.mohfw.gov.in, എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്ലിയറൻസ് നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കും. ഇനി മുതൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും എയർലൈനുകളുടെയും പങ്കാളിത്തത്തോടെ, കാര്യക്ഷമമായ ഏകോപനവും ആവശ്യമായ രേഖകളുടെ വേഗത്തിലുള്ള ക്ലിയറൻസും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. സമയാസമയങ്ങളിൽ അലേർട്ടുകളും ലഭിക്കും. മാത്രമല്ല നടപടിക്രമങ്ങളുടെ നില അപ്പപ്പോൾ പരിശോധിക്കാനുമാകും. ഇ കെയർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സാധാരണ ഗതിയിൽ നാല് മണിക്കൂറിനുള്ളിൽ കൺഫർമേഷൻ ലഭിക്കും. പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞാൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ പോർട്ടലിൽ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.
ഒരാൾ മരിച്ച് കഴിഞ്ഞാൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഇയാളുടെ അടുത്ത ബന്ധുകൾ, തൊഴിലുടമ എന്നിവരുടെ കത്ത് എംബസിക്ക് സമർപ്പിക്കണം. ഇതിന്റെ കൂടെ ഡെത്ത്നോട്ടിഫിക്കേഷനും പാസ്പോർട്ടിന്റെ കോപ്പിയും വെക്കേണ്ടതുണ്ട്. ഇതിനുശേഷം എംബസി എൻ.ഒ.സി തരും. എവിടെയാണോ മരണം നടന്നത് അതിന്റെ പരിധിയിൽവരുന്ന പൊലീസ് സ്റ്റേഷനിൽ ഈ എൻ.ഒ.സി സമർപ്പിച്ചാൽ എംബാം ചെയ്യാനുള്ള അനുമതി, ഡെത്ത് സർട്ടിഫിക്കറ്റ്, ബോഡി റിലീസ് ചെയ്യാനുള്ള അനുമതി എന്നിവ ലഭിക്കും. പിന്നീട് എംബാമിങ്ങിന് ശേഷം കിട്ടുന്ന സർട്ടിഫിക്കറ്റുകൾ കാർഗോ കമ്പനിയെ ഏൽപിക്കുകയും അവർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുമാണ് ചെയ്യുക.
എന്നാൽ േവണ്ട വിവരങ്ങൾ പോർട്ടലിൽ അപ് ലോഡ് ചെയ്താൽ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി വേണ്ടി വരുന്ന സമയം വളരെയേറെ കുറയ്ക്കാൻ കഴിയും. വിമാനത്താവളങ്ങളിൽ നിന്നുള്ള വിവരങ്ങളും ഫ്ലൈറ്റ് വിശദാംശങ്ങളും ഉൾപ്പെടെ പോർട്ടലിൽ നിന്ന് ലഭ്യമാകും. ഒരു ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തിലേക്ക് കയറാൻ പറ്റും എന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനപ്രദമാണ് പുതിയ സംവിധാനമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂനിറ്റി വെൽഫെയർ സെക്രട്ടറി പി.ടി.കെ. ഷെമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.