ഇ-ഗേറ്റ് പ്രവർത്തിക്കുന്നില്ല; മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. മുഖംകൊണ്ട് തിരിച്ചറിയാൻ കഴിയുന്ന ഇലക്ട്രോണിക്ക് ഗേറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ളതിന്‍റെ പ്രവർത്തനം നിർത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതുമൂലം കുറച്ചു ദിവസങ്ങളായി ഇമിഗ്രേഷൻ കൗണ്ടറുകളിൽ നീണ്ട വരിയാണ് അനുഭവപ്പെടുന്നത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകളാണ് എടുക്കുന്നത്. കൂടാതെ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ ഇല്ലാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നു. ഇത് എല്ലാ യാത്രക്കാർക്കും കൂടുതൽ കാത്തിരിപ്പിന് കാരണമാക്കുകയും ചെയ്യുന്നു.
വിമാനത്താവളത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരവധി യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. പലരും മണിക്കൂറുകളോളമുള്ള യാത്ര കഴിഞ്ഞാണ് എയർപോർട്ടിൽ ഇറങ്ങുന്നത്. ഇതിന്‍റെ ക്ഷീണം മാറ്റാൻ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും വേഗം അണയണമെന്ന മോഹവുമായിട്ടായിരിക്കും വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നത്. എന്നാൽ, ഇ-ഗേറ്റ് പ്രവർത്തിക്കാത്തതിനാൽ മണിക്കൂറുകൾ എടുത്താണ് ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുകടക്കാനായത്. വിമാനങ്ങൾ കൂട്ടതോടെ വരുന്നത് സ്ഥിതികൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നുണ്ട്.
ദീർഘദൂര യാത്ര കഴിഞ്ഞ് എത്തുന്നവരെ മണിക്കൂറുകളോളം നിർത്തുന്നത് ശരിയല്ലെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത കൊച്ചിയിൽനിന്നുള്ള യാത്രകാരൻ പറഞ്ഞു. പത്ത് റിയാൽ നൽകിയാൽ അതിവേഗ ഇമിഗ്രേഷൻ വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിക്കാൻ സാധിക്കും. കുടുംബങ്ങളുമായി യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലും കാലതാമസം നേരിടുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇമിഗ്രേഷനിൽ നീണ്ട നിരകൾ കണ്ടതോടെയാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലേക്ക് നീങ്ങിയത്. അരമണിക്കൂറെടുത്താണ് ഫാസ്റ്റ് ട്രാക്കിലൂടെ പുറത്തുകടന്നതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ആദ്യം ഒരു ഫാസ്റ്റ് ട്രാക്ക് കൗണ്ടർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് കൗണ്ടറുകൾ തുറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ മനസ്സിലാക്കിയതിനെ തുടർന്ന് വിമാനത്താവള അധികൃതർ മറ്റ് രാജ്യങ്ങളിലെ യാത്രക്കാർക്കായി ജി.സി.സി, ഒമാനി കൗണ്ടറുകൾ തുറക്കുകയും ചെയ്തു.
അതേസമയം, പുതിയ ഇ-ഗേറ്റ് മെഷിനുകൾ ഉടൻ എത്തുമെന്നും ഇത് എമിഗ്രേഷനിലെ നീണ്ട നിരയുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റായിരിക്കും സ്ഥാപിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഉടൻതന്നെ നിലവിൽ വരും. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയുന്നതായിരിക്കും പുതിയ സംവിധാനം. ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടിക്രമങ്ങൾ തന്നെയായിരിക്കും.
2008ൽ പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇ ഗേറ്റ് ആരംഭിച്ചത്. ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽനിന്ന് പുറത്ത് പോവുന്നവർക്കും ഐ.ഡി കാർഡോ റസിഡന്റ് കാർഡോ ഉപയോഗപ്പെടുത്താമായിരുന്നു. ഇ ഗേറ്റുകൾ നിലവിൽ വന്നതോടെ യാത്ര ഏറെ എളുപ്പമാവുകയും പാസ്പോർട്ടിൽ വിസ അടിക്കുന്നതിന് നീണ്ട സമയം കാത്തിരിക്കാതെ എളുപ്പത്തിൽ ഗേറ്റുകൾ വഴി ഒമാനിലേക്ക് വരികയോ പുറത്ത് പോവുകയോ ചെയ്യാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.