ഇ-പേമെന്റ് സംവിധാനം: ദോഫാറിൽ 131 ലംഘനങ്ങൾ കണ്ടെത്തി
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ സേവന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കടകളിലും ഇന്ധന സ്റ്റേഷനുകളിലും പരിശോധനയുമായി അധികൃതർ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്ററാണ് പരിശോധന കാമ്പയിൻ നടത്തിയത്.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഉറപ്പാക്കാനും വാണിജ്യ, സേവന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നതിനുമായിരുന്നു പരിശോധന. വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേമെന്റ് സംവിധാനം ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 131 ലംഘനങ്ങൾ കണ്ടെത്തി.
മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം ആദം-ഹൈമ-തുംറൈത്ത് ലൈനിലും മഹൗത്-സലാല റോഡിലും സ്ഥിതി ചെയ്യുന്ന നിരവധി ഇന്ധന സ്റ്റേഷനുകൾ സന്ദർശിച്ച് സേവനനിലവാരം വിലയിരുത്തി. മൊത്തം 59 ഗ്യാസ് സ്റ്റേഷനുകൾ പരിശോധിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 10 സ്റ്റേഷനുകൾക്ക് മുന്നറിയിപ്പ് നൽകി.
ഗ്യാസ് സ്റ്റേഷനുകൾ ഉപഭോക്താക്കൾക്ക് കാര്യക്ഷമവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 ജനുവരിയിലാണ് വ്യാപാരസ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരൊയണ് നടപടി എടുക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, പച്ചക്കറി പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്മെൻറ് സംവിധാനം നടപ്പാക്കിയത്.
ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമേ പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനും സമഗ്രമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായണ് ഇ-പേമെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.