ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തിയില്ല; 140 സ്ഥാപനങ്ങൾക്ക് പിഴ
text_fieldsമസ്കത്ത്: ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്താത്ത 140 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ്
സംവിധാനം ഏർപ്പെടുത്തണമെന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരെ നടപടിയും എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പിഴ ചുമത്തിത്തുടങ്ങിയത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാരസ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫെകൾ, പച്ചക്കറി-പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിടനിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെന്റ് സംവിധാനം നടപ്പാക്കിയത്.
സുൽത്താനേറ്റിലെ ബാങ്കുകളുമായും പേമെന്റ് സേവനദാതാക്കളുമായും ഏകോപിപ്പിച്ച് എല്ലാ സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ സ്റ്റോറുകളിലും ഔട്ട്ലെറ്റുകളിലും ഇലക്ട്രോണിക് പേമെന്റ് സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിലവിൽ ചെറിയ സ്ഥാപനങ്ങൾ അധികവും ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയിട്ടില്ല. ഇത് നടപ്പിൽ വരുത്തുന്നത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിഴയും മറ്റും ഈടാക്കുന്നത്.
പണരഹിത സേവനം ലഭ്യമാക്കുന്നതിനുള്ള എളുപ്പത്തിനായി, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) ബാങ്കുകളുമായും ബിൽ പേമെന്റ് സേവന ദാതാക്കളുമായും ഏകോപിപ്പിച്ച് പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ഉപകരണങ്ങൾ അല്ലെങ്കിൽ വ്യാപാരികൾക്കായി ഏതെങ്കിലും പേമെന്റ് സേവനങ്ങൾ തുടങ്ങിയവ ഇൻസ്റ്റാലേഷൻ ഫീസോ പ്രതിമാസ ചാർജോ ഈടാക്കാതെ ലഭ്യമാക്കുന്നുണ്ട്.
ഇ-പേമെന്റ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണ്. അപേക്ഷിച്ചാൽ രണ്ടാഴ്ചകൊണ്ട് മെഷീൻ ലഭ്യമാവുമെന്നും വ്യാപാരികൾ പറയുന്നു. സ്ഥാപനത്തിന് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇ-പേമെന്റ് മെഷീന് സമീപിക്കേണ്ടത്. കമ്പനിയുടെ സി.ആർ ലെറ്റിൽ പേരുള്ള സ്ഥാപനത്തിന്റെ ഉടമയാണ് അപേക്ഷയിൽ ഒപ്പുവെക്കേണ്ടത്. നേരത്തേ ബാങ്കുകൾ മെഷീന് 50 റിയാൽ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ പല ബാങ്കുകളും സൗജന്യമായാണ് മെഷീൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.